കണ്ണൂര്‍: ആന്തൂരിലെ വ്യവസായി സാജന്‍ ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് റിപ്പോര്‍ട്ട് നല്‍കി. സാമ്പത്തികവും മാനസികവുമായ കാരണങ്ങളാലുള്ള ആത്‍മഹത്യയില്‍ ആര്‍ക്കെതിരെയും പ്രേരണകുറ്റം ചുമത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്. തളിപ്പറമ്പ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി വൈകിക്കാന്‍ ആന്തൂര്‍ നഗരസഭ ചെയര്‍ പേഴ്‌സണ്‍ പി.കെ ശ്യാമള ഇടപെട്ടതിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സിപിഎം എഴുതി നല്‍കിയ റിപ്പോര്‍ട്ട് ആണ് പൊലീസ് കോടതിയില്‍ കൊടുത്തതെന്നും ഉന്നതതല അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. 10 കോടി രൂപ മുടക്കി നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന് നഗരസഭ ലൈസന്‍സ് നല്‍കാത്തതിലുള്ള മനോവിഷമത്തിലാണ് സാജന്‍ ആത്‍മഹത്യ ചെയ്‌തത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
2019 ജൂണ്‍ 18നാണ് സാജനെ ചിറക്കല്‍ അരയമ്പേത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ഥ കണ്‍വന്‍ഷന്‍ സെന്ററിന്, സിപിഎം നേതൃത്വത്തിലുള്ള ആന്തൂര്‍ നഗരസഭ ഉടമസ്‌ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ മനംനൊന്താണ് ആത്‍മഹത്യ എന്നായിരുന്നു ആരോപണം. സാജന്റെ മാനേജരും കുടുംബാംഗങ്ങളും ഉന്നയിച്ച ആരോപണം പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുക്കുകയും പ്രതിഷേധങ്ങള്‍ നടത്തുകയും ചെയ്‌തിരുന്നു.
Entertainment News: മുത്തയ്യ ആവശ്യപ്പെട്ടു; വിജയ് സേതുപതി ‘800’ല്‍ നിന്ന് പിൻമാറി
എന്നാല്‍, ആര്‍ക്കെതിരെയും പ്രേരണാക്കുറ്റം ചുമത്താന്‍ കഴിയാത്തതിനാല്‍ കേസ് അവസാനിപ്പിക്കാനുള്ള റഫര്‍ റിപ്പോര്‍ട്ടാണ് തിങ്കളാഴ്‌ച നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി.യുടെ ചുമതല വഹിക്കുന്ന വേണുഗോപാല്‍ മുഖേന ആര്‍.ഡി.ഒ കോടതിയില്‍ സമര്‍പ്പിച്ചത്.