കോഴിക്കോട്: പന്തീരാങ്കാവിൽ ബാങ്ക് ജീവനക്കാരനിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ നിർണായക വഴിത്തിരിവ്. മുഖ്യപ്രതി ഷിബിൻ ലാൽ തട്ടിയെടുത്ത 40 ലക്ഷത്തിൽ 39 ലക്ഷം രൂപ കണ്ടെത്തി. ഷിബിൻ ലാലിന്റെ വീടിന് അരകിലോമീറ്റർ മാറി ഒളവണ്ണ പള്ളിപ്പുറം ഉള്ളാട്ട് പറമ്പിൽ നിന്നാണ് പ്‌ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ചവറുകൂനയ്‌ക്കിടെ കുഴിച്ചിട്ട നിലയിൽ പണം കണ്ടെടുത്തത്.
തട്ടിയെടുത്ത പണം പന്തീരാങ്കാവ് സ്വദേശിക്ക് കൈമാറിയിരുന്നു എന്നായിരുന്നു നേരത്തെ ഷിബിൻ ലാൽ നൽകിയ മൊഴി. വിവിധ ഇടങ്ങളിലായി ഒന്നര കോടിയോളം രൂപ ബാധ്യതയുള്ള ഷിബിൻ ലാൽ ഇതിൽ പലിശയടക്കം 70 ലക്ഷം രൂപയുടെ ബാധ്യതയുള്ള ഒരു സ്‌ഥാപനത്തിൽ 35 ലക്ഷം രൂപ നൽകി ബാധ്യത ഒഴിവാക്കാനാകുമോ എന്ന് ഒരാൾവഴി ചോദിച്ചതാണ് വഴിത്തിരിവായത്.
ഈ രഹസ്യവിവരം പോലീസ് കമ്മീഷണർക്ക് ലഭിച്ചതിനെ തുടർന്ന് ഷിബിൻ ലാലിനെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് പ്രതിയുമായി ഇന്ന് രാവിലെ നടത്തിയ തെളിവെടുപ്പിലാണ് പണം കണ്ടെത്തിയത്. കഴിഞ്ഞമാസം 11നാണ് ഇസാഫ് ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് ഷിബിൻ ലാൽ പണം കവർന്നത്.
പന്തീരാങ്കാവിൽ നിന്ന് മാങ്കാവിലേക്ക് പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്‌ഥാപനത്തിന് മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്‌ഥാപനത്തിൽ പണയംവെച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം രൂപ ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരനിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്തത്.
അക്ഷയ ഫിനാൻസിയേഴ്‌സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞത്. ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടുപേരായിരുന്നു ഈ പണത്തിന് സുരക്ഷയൊരുക്കാൻ കാറിലും ഓട്ടോറിക്ഷയിലുമായി ഷിബിനൊപ്പം വന്നത്. കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് സമീപം വാഹനങ്ങൾ നിർത്തി രണ്ടുപേർ പുറത്തിറങ്ങി.
അക്ഷയ ഫിനാൻസിയേഴ്‌സിലേക്ക് തുകയ്‌ക്കൊപ്പം വരരുതെന്നും പുറത്തുനിന്നാൽ മതിയെന്നും ഷിബിൻ ലാൽ പറഞ്ഞത് പ്രകാരം മറ്റുള്ളവർ കാറിൽ ഇരുന്നു. രണ്ടുപേർ ബാഗുമായി ഷിബിൻലാലിനൊപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ സമീപത്ത് പാർക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിൽ കയറി ഷിബിൻ ലാൽ പണവുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു.
Most Read| ചരിത്രനിമിഷം; ആക്‌സിയോം-4 ദൗത്യ സംഘം ഭൂമിയിൽ തിരിച്ചെത്തി