കണ്ണൂർ: പൊതുസ്‌ഥലത്തെ പരസ്യ മദ്യപാനത്തിൽ ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. തെളിവില്ലാത്തതിനാൽ കേസെടുക്കാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു പോലീസ്. ഒടുവിൽ, സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു.
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കും സുഹൃത്തുക്കൾക്കും എതിരെ ഇന്നലെ രാത്രിയാണ് തലശ്ശേരി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. തലശ്ശേരി അസി. സൂപ്രണ്ട് നൽകിയ അന്വേഷണ റിപ്പോർട്ടും അനുബന്ധ രേഖകളും പരിശോധിച്ചാണ് അബ്‌കാരി നിയമപ്രകാരം സ്വമേധയാ കേസെടുത്തതെന്ന് തലശ്ശേരി പോലീസ് എഫ്‌ഐആറിൽ പറയുന്നു.
പ്രതികളെ ജൂൺ 17ന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി നടപടികൾക്ക് ശേഷം തിരിച്ചുപോകവേ വൈകീട്ട് നാലുമണിയോടെ കോടതിക്ക് സമീപത്തുള്ള വിക്‌ടോറിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തി. പ്രതികളുടെ സുഹൃത്തുക്കളും ഇവിടെയെത്തിയിരുന്നു.
പോലീസുകാരുടെ നിരീക്ഷണത്തിൽ നിന്ന് മാറി പൊതുസ്‌ഥലമായ കാർ പാർക്കിങ് ഏരിയയിൽ വെച്ച് സുഹൃത്തുക്കളോടൊപ്പം പരസ്യമായി പ്രതികൾ മദ്യപിക്കുകയായിരുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമായെന്നും എഫ്‌ഐആറിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പോലീസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു.
എന്നാൽ, കൊടി സുനി ഉൾപ്പടെ ഉള്ളവർക്കെതിരെ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു പോലീസ്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന്, കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാൻ സാധിക്കില്ലെന്നും കോടതിയിൽ പോയാൽ കേസ് തള്ളിപ്പോകുമെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.
എന്നാൽ, അതേ പോലീസ് തന്നെ ഇപ്പോൾ കുടിച്ചത് മദ്യമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമായതായി എഫ്‌ഐആറിൽ പറയുന്നു. കൊടി ആയാലും വടി ആയാലും നടപടി എടുക്കുമെന്നാണ് ജയിൽ ഉപദേശക സമിതി അംഗമായ പി. ജയരാജൻ പ്രതികരിച്ചത്. സംഭവത്തിൽ വീഴ്‌ചയുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി സംസ്‌ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറും പറഞ്ഞു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി