കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഐഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ കേസെടുത്ത് പോലീസ്. എറണാകുളം റൂറൽ സൈബർ പോലീസാണ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. ഐടി ആക്‌ടും ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും ഷൈൻ പരാതി നൽകിയിരുന്നു.
കെഎം ഷാജഹാന്റെ യൂട്യൂബ് ചാനൽ, പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്‌ണൻ ചിറ്റിശ്ശേരി എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്. മെട്രോ വാർത്ത പത്രത്തിനെതിരെയും കേസെടുത്തിട്ടുണ്ട്. സൈബർ ഇടങ്ങളിൽ തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളിൽ പ്രതികരിച്ച് കെജെ ഷൈൻ രംഗത്തുവന്നിരുന്നു.
കോൺഗ്രസാണ് പിന്നിലെന്ന് വ്യക്‌തമാക്കുന്ന രീതിയിലായിരുന്നു ഷൈൻ പ്രതികരിച്ചത്. തനിക്കെതിരെ ബോംബ് വരുന്നുവെന്ന സൂചന സുഹൃത്തായ കോൺഗ്രസ് പ്രവർത്തകൻ നൽകിയിരുന്നുവെന്ന് ഷൈൻ പറഞ്ഞു. കോൺഗ്രസ് ക്യാമ്പിൽ നിന്നാണ് ഈ ആരോപണങ്ങൾ വന്നതെന്നും അവർ വ്യക്‌തമാക്കിയിരുന്നു.
”എനിക്കെതിരെ ഒരു ബോംബ് വരുമെന്ന് സുഹൃത്തായ കോൺഗ്രസ് നേതാവ് പറഞ്ഞു. ധൈര്യമായിരിക്കണം, പതറരുതെന്ന് പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണം ആദ്യമായാണ്. സ്‌ത്രീകളെ കുറിച്ച് പറയുമ്പോൾ ആത്‌മരതിയിൽ ആറാടുന്ന മാനസികാവസ്‌ഥയുള്ള ആളുകളുണ്ട്. മുതിർന്ന കോൺഗ്രസ് നേതാക്കൾ അറിയാതെ ഒന്നും സംഭവിക്കില്ല. പൊതുരംഗത്ത് നിൽക്കുന്ന സ്‌ത്രീകൾ ഇതെല്ലാം പ്രതീക്ഷിക്കണം”- എന്നായിരുന്നു ഷൈനിന്റെ പ്രതികരണം.
എന്നാൽ, ആരോപണം തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കെജെ ഷൈനിനെതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നിൽ സിപിഐഎം ഗൂഢാലോചനയാണെന്നും ജില്ലാ നേതൃത്വമാണെന്നും എറണാകുളം ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് പറഞ്ഞു.
Most Read| പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്‌ച മുതൽ ആരംഭിക്കാൻ ഹൈക്കോടതി അനുമതി