കോട്ടയം: നാല് വയസുകാരൻ ക്ളാസ് മുറിയിൽ നിന്ന് കഴിച്ച ചോക്ളേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നുവെന്ന പരാതി തള്ളി പോലീസ്. സംഭവം ഭക്ഷ്യവിഷബാധ ആകാമെന്നാണ് പോലീസിന്റെ നിഗമനം. കുട്ടി കഴിച്ച ചോക്ളേറ്റിന്റെ പകുതി കഴിച്ച മറ്റൊരു കുട്ടിയേയും പോലീസ് കണ്ടെത്തി. ഈ കുട്ടിക്ക് കുഴപ്പങ്ങളില്ലെന്നാണ് പോലീസ് പറയുന്നത്.
കുട്ടിയെ പ്രവേശിപ്പിച്ച രണ്ട് ആശുപത്രികളിലെ ഡോക്‌ടർമാരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടി. എറണാകുളത്തെ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിക്ക് അമിത രക്‌തസമ്മർദ്ദം ഉണ്ടായിരുന്നു. പരിശോധനയ്‌ക്കിടെ നൽകിയ മരുന്നിന്റെ പാർശ്വഫലമായി ബെൻസോഡയാസിപൈൻ കുട്ടിയുടെ ശരീരത്തിൽ രൂപപെട്ടതാകാമെന്നാണ് ഡോക്‌ടർമാരുടെ നിഗമനമെന്ന് ജില്ലാ പോലീസ് മേധാവി എ ഷാഹുൽ ഹമീദ് പറഞ്ഞു.
ക്ളാസ് മുറിയിൽ നിന്ന് മകൻ കഴിച്ച ചോക്ളേറ്റിൽ ലഹരിയുടെ അംശമുണ്ടായിരുന്നുവെന്ന് മണർകാട് അങ്ങാടിവയൽ സ്വദേശിയായ യുകെജി വിദ്യാർഥിയുടെ അമ്മയാണ് കോട്ടയം എസ്‌പിക്കും ജില്ലാ കലക്‌ടർക്കും പരാതി നൽകിയത്. കഴിഞ്ഞ മാസം 17ന് സ്‌കൂളിൽ നിന്ന് മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ വീട്ടുകാർ, കുട്ടി രോഗബാധിതനാണെന്ന് കരുതി വടവാതൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുടർന്ന് അബോധാവസ്‌ഥയിലായ കുട്ടിക്ക് ഉയർന്ന അളവിൽ രക്‌തസമ്മർദ്ദവും അനുഭവപ്പെട്ടു. 19ന് വൈകിട്ട് വിദഗ്‌ധ ചികിൽസയ്‌ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയിൽ കുട്ടിയുടെ ഉള്ളിൽ ബെൻസോഡയാസിപൈൻ എന്ന ലഹരി പദാർഥം എത്തിയതായി കണ്ടെത്തി. തുടർന്നാണ് പരാതിയുമായി കുടുംബം രംഗത്തെത്തിയത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ