കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്‌ജുഷ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസ് റിപ്പോർട് നൽകി.
കേസിന്റെ അന്വേഷണ പരിധിയിൽ വരുന്ന മുഴുവൻ കാര്യങ്ങളും സമഗ്രമായി പരിശോധിച്ച് അന്വേഷണം നടത്തുകയും കേസിലെ പ്രതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതുമാണ്. കേസ് അന്വേഷണം സിബിഐക്ക് കൈമാറണം എന്നാവശ്യപ്പെട്ട ഹരജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളുകയും അന്വേഷണം ശരിയായ രീതിയിലാണെന്ന് അഭിപ്രായപ്പെട്ടതുമാണ്.
ഇതിനാൽ നിയമപരമായും വസ്‌തുതാപരമായും നിലനിൽക്കാത്ത ഹരജി തള്ളിക്കളയണമെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥൻ കണ്ണൂർ ടൗൺ പോലീസ് ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. കേസ് പരിഗണിക്കുന്നത് 23ലേക്ക് മാറ്റി. നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ പ്രതി പിപി ദിവ്യയുടെ അഭിഭാഷകനും കോടതിയിൽ എതിർത്തു.
ഈമാസം അഞ്ചിനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ ഭാര്യ മഞ്‌ജുഷ കോടതിയിൽ ഹരജി നൽകിയത്. ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് തുടക്കം മുതൽ അന്വേഷണ സംഘം നീങ്ങിയതെന്നും ഹരജിയിൽ പറയുന്നു. പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്. തെളിവുകളെ നിരാകരിക്കുകയും പ്രതിക്ക് അനുകൂലമായി തീർത്തുവെന്നും ഹരജിയിൽ പറയുന്നു.
2024 ഓഗസ്‌റ്റ് 15ന് രാവിലെയാണ് നവീൻ ബാബുവിനെ കണ്ണൂരിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തലേന്ന് കണ്ണൂർ കളക്‌ട്രേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ആത്‍മഹത്യക്ക് പിന്നിൽ അഴിമതി ആരോപണമാണെന്ന പരാതികൾ ഉയർന്നതോടെ ദിവ്യക്കെതിരെ ആത്‍മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചിരുന്നു.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി








































