ജോലി കഴിഞ്ഞ് പോകുന്നതിനിടെ ഒരു സെൽഫിയെടുക്കാനാണ് പോലീസ് ഉദ്യോഗസ്‌ഥരായ ഷാബുവും ശരത്തും മണലിപ്പുഴക്കരയിൽ വണ്ടി നിർത്തിയത്. കൃത്യം ആ സമയത്തായിരുന്നു അപകടവും. ഓട്ടോ മറിഞ്ഞതിന്റെയും കൂട്ടക്കരച്ചിലിന്റെയും ശബ്‌ദം കേട്ട് ഓടിയെത്തിയ പോലീസ് ഉദ്യോഗസ്‌ഥർ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത് ഒരു കുടുംബത്തെയാണ്.
ഏഴംഗ കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ മണലിപ്പുഴയിൽ വീണതിന്റെ ഞെട്ടലിൽ നിന്ന് അവർ ഇപ്പോഴും മുക്‌തരായിട്ടില്ല. ഞായറാഴ്‌ച രാത്രി 7.15നായിരുന്നു അപകടം. തൃശൂർ എറവക്കാട് ഓടൻചിറ ഷട്ടറിന് സമീപമാണ് ഓട്ടോറിക്ഷ മണലിപ്പുഴയിൽ വീണത്. ചിറ്റിശ്ശേരി സ്വദേശി കരുതുകുളങ്ങര വീട്ടിൽ വിനു ഓടിച്ചിരുന്ന ഓട്ടോയാണ് പുഴയിൽ വീണത്.
വിനുവിന്റെ ഭാര്യ രേഷ്‌മ, ഇവരുടെ നാലുമക്കൾ, ഭാര്യാമാതാവ് അജിത എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഊരകത്ത് നിന്ന് വരുന്നതിനിടെയാണ് ഓട്ടോ പുഴയിലേക്ക് മറിഞ്ഞത്. ഈ സമയം മറുകരയിൽ ആയിരുന്നു ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ സിപിഒമാരായ മടവാക്കര മാളിയേക്കൽ പറമ്പിൽ ഷാബുവും ചിറ്റിശ്ശേരി നടുവിൽ വീട്ടിൽ ശരത്തും. ജോലി കഴിഞ്ഞ് പോവുകയായിരുന്നു ഇവർ.
ഓട്ടോയിൽ ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഇവർ ബൈക്കെടുത്ത് ഷട്ടറിന് മുകളിലൂടെ മറുകരയിലേക്ക് കുതിച്ചു. ഒരാൾ പുഴയിലേക്ക് ചാടി. ഈ സമയം നാട്ടുകാരും സ്‌ഥലത്തെത്തി. കുട്ടികളെ ഓരോരുത്തരെയായി ആദ്യം കരയ്‌ക്ക് കയറ്റി. തുടർന്ന് രണ്ടു സ്‌ത്രീകളേയും രക്ഷിച്ചു. ഓടൻചിറ ഷട്ടർ താഴ്‌ത്തിയത് മൂലം പുഴയിൽ വെള്ളം ഉയർന്നിരുന്നു.
പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. തലയ്‌ക്ക് പരിക്കേറ്റ രേഷ്‌മയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട ഓട്ടോ എന്തിലോ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പോലീസുകാർ പറയുന്നത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!