കോഴിക്കോട്: ബംഗാളി നടിയുടെ ലൈംഗികാരോപണ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിഷേധം കനത്തതോടെ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിന്റെ വീടിന് മുന്നിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി. കോഴിക്കോട് ചാലപ്പുറത്തെ വീടിന് മുന്നിലാണ് സുരക്ഷ ഏർപ്പെടുത്തിയത്.
അറസ്‌റ്റ് ആവശ്യപ്പെട്ട് രഞ്‌ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം വർധിക്കാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷ ഏർപ്പെടുത്തിയത്. പ്രതിഷേധം ശക്‌തമായ സാഹചര്യത്തിൽ രഞ്‌ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്‌ഥാനം രാജിവെച്ചേക്കുമെന്നാണ് സൂചന.
ഔദ്യോഗിക വാഹനത്തിലെ ബോർഡ് ഊരിമാറ്റിയാണ് വയനാട്ടിൽ നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് രഞ്‌ജിത്ത് ഇന്ന് മടങ്ങിയത്. ഇതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത്. ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ രഞ്‌ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം. വിഷയത്തിൽ സർക്കാർ തലത്തിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നുണ്ട്.
രഞ്‌ജിത്തിനെതിരെ നിലപാട് മയപ്പെടുത്തി മന്ത്രിമാർ രംഗത്തെത്തിയെങ്കിലും മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാണ്. മുഖ്യമന്ത്രിയുടെ നിലപാട് അനുസരിച്ചായിരിക്കും രഞ്‌ജിത്തിന്റെ രാജി തീരുമാനം. രഞ്‌ജിത്തിനെതിരെ ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്രയാണ് രംഗത്തുവന്നത്. രഞ്‌ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്‌ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്‌പർശിച്ചതായും മുടിയിൽ തലോടിയതായും അവർ പറഞ്ഞു. കഴുത്തിൽ സ്‌പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽ നിന്നിറങ്ങി. ഇതേത്തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങിയെന്നും നടി പറഞ്ഞു.
എന്നാൽ, പാലേരി മാണിക്യത്തിൽ അഭിനയിക്കാനല്ല ഓഡിഷന് വേണ്ടിയാണ് ശ്രീലേഖയെ വിളിച്ചുവരുത്തിയതെന്നും അവരുടെ പ്രകടനം തൃപ്‌തികരമായി തോന്നാത്തതിനാൽ പിറ്റേന്ന് തന്നെ മടക്കി അയച്ചുവെന്നുമായിരുന്നു രഞ്‌ജിത്തിന്റെ വാദം. എന്നാൽ ഇത് നടി നിഷേധിച്ചു. പരാതി നൽകാനും നടപടികൾക്കുമായി കേരളത്തിലേക്ക് വരാനാകില്ല. ജോലി ചെയ്യുന്നത് ബംഗാളിലാണെന്നും നടി പറഞ്ഞു.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം