തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ പോലീസ് ട്രെയിനിയായ ആദിവാസി യുവാവ് വിതുര പേപ്പാറ കരിപ്പാലം സ്വദേശി ആനന്ദിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് നൽകിയ റിപ്പോർട് തള്ളി കുടുംബം. ആനന്ദ് വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നും ക്യാമ്പിൽ ജാതിയുടെ പേരിലോ ശാരീരികമായോ പീഡനങ്ങൾ നടന്നിട്ടില്ലെന്നുമുള്ള പേരൂർക്കട പോലീസിന്റെ റിപ്പോർട്ടാണ് കുടുംബം നിഷേധിച്ചത്.
മകൻ വിഷാരോഗി അല്ലെന്നും മരിച്ച ദിവസം രാവിലെയും സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും ആനന്ദിന്റെ അമ്മ ചന്ദ്രിക പറഞ്ഞു. ഈ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കുടുംബം പേരൂർക്കട എസ്എച്ച്ഒക്കും എസ്എപി കമാൻഡിനും പരാതി നൽകിയിരുന്നു. വിഷയത്തിൽ അടിയന്തിരമായി അന്വേഷണം പൂർത്തിയാക്കി റിപ്പോർട് സമർപ്പിക്കണമെന്ന് എഡിജിപി എസ്. ശ്രീജിത്ത് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, ക്യാമ്പിൽ വീഴ്‌ചയുണ്ടായോ എന്നതിൽ ബറ്റാലിയൻ ഡിഐജി അരുൾ ബി കൃഷ്‌ണയുടെ മേൽനോട്ടത്തിൽ വനിതാ ബറ്റാലിയൻ കമാൻഡന്റ് അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്‌ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തിൽ മുതിർന്ന ഉദ്യോഗസ്‌ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.
ജാതി വിവേചനവും മനസികപീഡനവും നേരിടുന്നതായി ആനന്ദ് തന്നോട് സൂചിപ്പിച്ചിരുന്നെന്ന് സഹോദരൻ അരവിന്ദ് പറഞ്ഞു. പല ട്രെയിനികളോടും മോശമായും അധിക്ഷേപിക്കുന്ന തരത്തിലും ഉദ്യോഗസ്‌ഥർ സംസാരിച്ചിരുന്നതായും പലരും പേടിച്ചിട്ടാണ് പുറത്ത് പറയാതിരുന്നതെന്നും അരവിന്ദ് പറഞ്ഞു. നേരത്തെയും ആനന്ദ് ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നു. 16ന് രാവിലെ 5.45ന് ബാരക്കിലെ ശുചിമുറിയിൽ രണ്ട് കൈകളിലും സ്വയം മുറിവേൽപ്പിച്ച നിലയിൽ ആനന്ദിനെ കണ്ടിരുന്നു.
ഉടൻ പേരൂർക്കടയിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചത് രക്ഷയായി. കൗൺസിലിങ്ങിന് ശേഷം ബാരക്കിൽ എത്തിച്ച ആനന്ദിനെ അമ്മ ചന്ദ്രികയും അരവിന്ദും കണ്ടിരുന്നു. വീട്ടിലേക്ക് വരാൻ അമ്മ നിർബന്ധിച്ചെങ്കിലും ക്യാമ്പിൽ തുടരാമെന്ന് ആനന്ദ് പറഞ്ഞു. അന്ന് ആനന്ദിനോട് തനിച്ച് സംസാരിക്കാൻ അനുവദിച്ചില്ലെന്നും മുതിർന്ന ഉദ്യോഗസ്‌ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും അരവിന്ദ് പറഞ്ഞു.
ആനന്ദ് എന്തൊക്കെയോ പേടിക്കുന്നുണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. വീട്ടിലെത്തിയ ശേഷവും തുടർച്ചയായി ഫോണിൽ ആനന്ദിനെ വിളിച്ചിരുന്നു. അസ്വാഭാവികത ഇല്ലാതെയാണ് സംസാരിച്ചതെങ്കിലും എന്തൊക്കെയോ ആശങ്കകൾ ഒളിപ്പിച്ചു വൈകുന്നതുപോലെ തോന്നിയെന്നും അരവിന്ദ് പറഞ്ഞു. സംഭവത്തിലെ സത്യം പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും അരവിന്ദ് പറഞ്ഞു.
Most Read| ഇന്ത്യക്കാർക്ക് തിരിച്ചടി; എച്ച്1 ബി വിസ ഫീസ് കുത്തനെ ഉയർത്തി യുഎസ്