പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ ഫെബ്രുവരി 8ന്

തിണ്ടീസ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഫെസ്‌റ്റിൽ കെഇഎൻ കുഞ്ഞഹമ്മദ്, എൻകെ ചേക്കുട്ടി, ഡോ. ആസാദ്, എഎം ഷിനാസ്, അഖിൽ മാരാർ, നസീഫ് കലയെത്ത്, നന്ദൻ, മാളവിക ബെന്നി ഉൾപ്പടെയുള്ള പ്രമുഖർ പങ്കെടുക്കും. 'തിണ്ടീസ്' എന്ന വാക്കിനെ കുറിച്ചും ഈ വാർത്തയിൽ അടുത്തറിയാം.

By Senior Reporter, Malabar News
Ponnani Literature Fest _ Poster
Rep. Image
Ajwa Travels

പൊന്നാനി: തിണ്ടീസ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പൊന്നാനി ലിറ്ററേച്ചർ ഫെസ്‌റ്റ്‌ (Ponnani Literature Fest) ഫെബ്രുവരി 8 ഞായറാഴ്‌ച. ഉച്ചക്ക് 2.30ന് കർമ്മ റോഡ് മോത്തിലാൽ ഗട്ട് നിള ഡെസ്‌റ്റിനേഷൻ സെന്ററിൽ ‘തിണ്ടീസ് ദർബാർ’ എന്ന പരിപാടിയോടെ ഫെസ്‌റ്റിന് തുടക്കമാകും.

വൈദേശിക ആധിപത്യത്തിനെതിരെ, പ്രത്യേകിച്ച് പോർച്ചുഗീസുകാർക്കെതിരെ 1516ആം നൂറ്റാണ്ടുകളിൽ പൊന്നാനി കേന്ദ്രീകൃതമായി നടന്ന പ്രതിരോധ പോരാട്ടങ്ങൾ, പൊന്നാനിയിലെ മതാതീത സാമൂഹിക ഐക്യത്തിന്റെ ചരിത്ര പശ്‌ചാത്തലം ഉൾപ്പടെയുള്ള വിഷയങ്ങൾ ഫെസ്‌റ്റിൽ ചർച്ച ചെയ്യപ്പെടും.

സാമൂതിരിയും കുഞ്ഞാലി മരക്കാർമാരും, സൈനുദ്ധീൻ മഖ്‌ദൂമും, തിരുമനശ്ശേരി കോട്ടയും ഉൾപ്പടെയുള്ള പൊന്നാനിയിലെ ചരിത്രവ്യക്‌തിത്വങ്ങളും ഫെസ്‌റ്റിൽ ഓർമിക്കപ്പെടും. അഭിമാനകരമായ ചരിത്രബോധം യുവസമൂഹത്തിലേക്ക് പകർന്നുനൽകുക, പൊന്നാനിയുടെ മതാതീത ഐക്യം സംരക്ഷിക്കുക, പ്രചരിപ്പിക്കുക, സാഹിത്യ-സാംസ്‌കാരിക-കലാ മേഖലയുടെ വികസനവും പ്രചരണവും സാധ്യമാക്കുക എന്നതാണ് ഫെസ്‌റ്റിന്റെ പ്രഖ്യാപിത ലക്ഷ്യം.

ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ‘തിണ്ടീസ് ദർബാർ’ സെഷനിൽ നവ എഴുത്തുകാരുടെയും കലാകാരൻമാരുടെയും സംഗമം നടക്കും. അഖിൽ മാരാർ, നസീഫ് കലയെത്ത്, നന്ദൻ, മാളവിക ബെന്നി എന്നിവർ സംസാരിക്കുകയും ചർച്ചകൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

Ponnani Literature Fest _ Poster
Rep. Image

വൈകുന്നേരം 4.30ന് നടക്കുന്ന ‘ഹാർവെസ്‌റ്റ് ഓഫ് ഹാർമണി – പറങ്കികൾക്കെതിരെ പൊന്നാനി: ഒരു ഹിന്ദു–മുസ്‍ലിം ഐക്യ ഗാഥ’ എന്ന സെഷനിൽ മഖ്‌ദും–സാമൂതിരി പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം കെഇഎൻ കുഞ്ഞഹമ്മദ്, എഎം ഷിനാസ്, എൻകെ. ചേക്കുട്ടി, ഡോ. ആസാദ് എന്നിവർ പങ്കെടുക്കും.

വൈകിട്ട് 7 മണിക്ക് ഗായകരായ സലിം കോടത്തൂർ, എംഎൻ സാക്കി, ഷാഹിൻഷാ എന്നിവർ അണിനിരക്കുന്ന ‘നിള രാവ്’ ഗാനസന്ധ്യയും, വിവിധ കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും നടക്കും.

കെപിസിസി ജനറൽ സെക്രട്ടറി കെപി നൗഷാദലിയുടെ നേതൃത്വത്തിൽ രൂപം നൽകിയ തിണ്ടീസ് കൾച്ചറൽ ഫോറത്തിന്റെ പ്രോഗ്രാം ചെയർമാൻ അബ്‌ദുറഹ്‍മാൻ മാഷ് ആണ്. ടികെ അഷ്‌റഫ്, ജയപ്രകാശ്, മുനീബ്, റഫീഖ് തറയിൽ, ഉണ്ണികൃഷ്‌ണൻ പൊന്നാനി എന്നിവർ ഫെസ്‌റ്റിന്റെ ചീഫ് കോ-ഓർഡിനേറ്റർമാരാണ്.

തിണ്ടീസ് എന്ന പേരിനു പിന്നിൽ 

Ponnani Literature Fest _ Poster
Rep. Image

ക്രിസ്‌തുവർഷം ഒന്നാം നൂറ്റാണ്ടിൽ, മുസിരിസിന് (കൊടുങ്ങല്ലൂർ) വടക്കുഭാഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായിരുന്നു തിണ്ടീസ് (Tyndis) എന്നും ഇത് പൊന്നാനിയാണെന്നും ഭൂരിഭാഗം ചരിത്രരേഖകളും, നിരീക്ഷണങ്ങളും സൂചിപ്പിക്കുന്നു. എന്നാലിത്, കടലുണ്ടിയോ കൊയിലാണ്ടിയോ ആകാമെന്നും അഭിപ്രായപ്പെടുന്നവരും ചരിത്ര ഗവേഷണ മേഖലയിൽ ഉണ്ട്. പൊന്നാനിക്കാർ തിണ്ടീസ് (Tyndis)നെ കൂടെ കൂട്ടുന്നത് ഭൂരിപക്ഷ അഭിപ്രായത്തെ മുഖവിലക്ക് എടുത്താണ്.

പെരിപ്ളസ്‌ ഓഫ് ദി എറിത്രിയൻ സീ (Periplus of the Erythraean Sea), ടോളമിയുടെ കൃതികൾ എന്നിവയിൽ തിണ്ടീസിനെക്കുറിച്ച് പരാമർശമുണ്ട്. നദീതീരത്തുള്ളതും, കടലിൽ നിന്ന് വ്യക്‌തമായി കാണാൻ കഴിയുന്നതുമായ ഒരു ഗ്രാമമായാണ് രേഖകളിൽ ഇതിനെ വിവരിക്കുന്നത്. അറേബ്യൻ, യവന (ഗ്രീക്ക്) കപ്പലുകൾ ചരക്കുകളുമായി വന്നിരുന്ന സജീവമായ വ്യാപാര കേന്ദ്രമായിരുന്നു ഇതെന്നും ചേരരാജാക്കൻമാരുടെ ഭരണത്തിന് കീഴിലായിരുന്ന പ്രാചീന കേരളത്തിലെ സ്‌ഥലനാമങ്ങളിൽ ഒന്നാണിതെന്നും ചരിത്ര രേഖകൾ പറയുന്നു.

എന്നാൽ ‘തിണ്ടി’ (Thindi) അല്ലെങ്കിൽ ‘തിണ്ടീസ്’ (Thindis/Tindis/Thindees) എന്നത് ലഖു ഭക്ഷണത്തെ (Snacks/Light Food) സൂചിപ്പിക്കുന്ന വാക്കാണ്. തിണ്ടുക എന്നാൽ അൽപം അൽപമായി ഭക്ഷിക്കുക, നെല്ല്, തേങ്ങ, പയറുവർഗങ്ങൾ, വാഴപ്പഴം തുടങ്ങിയ പ്രാദേശിക വിളകൾ അടിസ്‌ഥാനമാക്കി തിണ്ടീസ് വികസിച്ചു. ഉണ്ണിയപ്പം, സുഖിയൻ, പഴംപൊരി, അവിൽ വിളയിച്ചത്, അച്ചപ്പം, കുഴലപ്പം എന്നിവയൊക്കെ തിണ്ടീസ് വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്.

അതിഥിസൽക്കാരം, ഉൽസവങ്ങൾ, ക്ഷേത്ര-ചർച്ച്‌-മസ്‌ജിദ് ആഘോഷങ്ങൾ, വൈകുന്നേര ചായസമയം എന്നിവയിൽ ഇതിന് പ്രത്യേക സ്‌ഥാനവുമുണ്ടായിരുന്നു. പൊന്നാനിയിലും ‘തിണ്ടീസ്’ എന്ന ഭക്ഷണശീലം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട് . പ്രാചീന മലബാറിന്റെ തീരത്തെ പ്രധാന തുറമുഖനഗരം എന്ന നിലയിൽ യാത്രക്കാർക്ക് എളുപ്പം കൊണ്ടുപോകാവുന്ന, വേഗത്തിൽ ഊർജം നൽകുന്ന, ലഘുഭക്ഷണങ്ങളുടെ കലവറയായിരുന്നു പൊന്നാനി. ഇത് തിണ്ടീസ് സംസ്‌കാരം പൊന്നാനിയിൽ ശക്‌തമാകാൻ കാരണമായിട്ടുണ്ടാകാം.

മാത്രവുമല്ല, പൊന്നാനി “മലബാറിന്റെ മക്ക” എന്നറിയപ്പെടുന്ന പ്രദേശമാണ്. ഒട്ടനേകം മസ്‌ജിദുകളും മതപഠന കേന്ദ്രങ്ങളും നിറഞ്ഞിരുന്ന ഈപ്രദേശത്തേക്ക് ദൂരദേശങ്ങളിൽ നിന്നും എത്തിയിരുന്ന വിദ്യാർഥികൾ, യാത്ര ചെയ്യുന്ന മൗലവിമാർ, സൂഫി വര്യൻമാർ, വ്യാപാരികൾ എന്നിങ്ങനെയുള്ള സവിശേഷതകളും ‘തിണ്ടീസ്’ ദൈനംദിന ആവശ്യമായി മാറാൻ കാരണമായിട്ടുണ്ടാകും.

ചേർത്തുവായിക്കാം; കർണാടകയുടെ കന്നഡ ഭാഷയിൽ ‘തിണ്ടി’ എന്നാൽ ലഘുഭക്ഷണം, പ്രഭാതഭക്ഷണം, അല്ലെങ്കിൽ പലഹാരം (Snacks/Tiffin) എന്നൊക്കെയാണ് അർഥം. ബെംഗളൂരുവിലെ ജയനഗറിലുള്ള പ്രസിദ്ധമായ ‘താസ തിണ്ടി’ (Taaza Thindi) ഹോട്ടലിൽ മസാല ദോശ, ഇഡ്‌ലി, വട, ചൗചൗ മിക്ച്ചർ, പലതരം പലഹാരങ്ങൾ എന്നിവയാണ് വിളമ്പുന്നത്. ചുരുക്കത്തിൽ, ‘തിണ്ടീസ്’ (Thindis/Tindis) എന്നത് ലഖു പലഹാരങ്ങളെ/ലഘുഭക്ഷണങ്ങളെ സൂചിപ്പിക്കുന്ന ഒരു വാക്കാണ്.

Most Read| പാമ്പുകൾക്ക് സ്വൈര്യവിഹാരം, വീടുകളിൽ കയറിയിറങ്ങും, ആർക്കും പേടിയില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE