കൽപ്പറ്റ: വയനാട് സിപിഎമ്മിലെ സംഘടനാ പ്രശ്‌നങ്ങൾ പൊട്ടിത്തെറിയിലേക്ക്. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന നേതാവുമായ എവി. ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ വ്യക്‌തിപരമായി ഒറ്റപ്പെടുത്തുന്നതായും പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സ്‌ഥിതിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പൂതാടിയിലെ സിപിഎമ്മിന്റെ പ്രധാന മുഖമാണ് എവി. ജയൻ. ജില്ലാ സമ്മേളനം കഴിഞ്ഞതുമുതൽ ഒരുവിഭാഗം തന്നെ വേട്ടയാടുകയാണെന്നും സംസ്‌ഥാന കമ്മിറ്റി അംഗം സികെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരെ താൻ ഉന്നയിച്ച വിമർശനമാണ് തന്നെ വേട്ടയാടുന്നതിലേക്ക് നയിച്ചതെന്നും എവി. ജയൻ പറഞ്ഞു.
35 കൊല്ലം പാർട്ടിക്കുവേണ്ടി പൂർണമായും സമർപ്പിച്ചു. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടിയിൽ ഇപ്പോൾ തീരുമാനങ്ങൾ എടുക്കുന്നതെന്നും ജയൻ ആരോപിച്ചു. നേരത്തെതന്നെ സംഘടനാ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എവി ജയന്റെ നേതൃത്വത്തിലാണ് പാർട്ടി മൽസരിച്ചത്. പൂതാടി പഞ്ചായത്തിൽ ഭരണം നേടുകയും ചെയ്‌തു.
എന്നാൽ, പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനം നേതൃത്വം ഇടപെട്ട് മറ്റൊരാൾക്കാണ് നൽകിയത്. ഇതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. കേവലം പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് പരിഗണിച്ചില്ല എന്നതല്ല എന്റെ വിഷയമെന്നും, കഴിഞ്ഞ ഒന്നൊന്നര വർഷമായി എന്നെ ചിലർ നിരന്തരം വേട്ടയാടുകയാണെന്നും, അതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണമെന്നും ജയൻ വ്യക്‌തമാക്കി.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































