തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇന്ന് വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിട്ടാണ് വൈദ്യുത നിയന്ത്രണം ഏർപ്പെടുത്തുക. കേന്ദ്രത്തിൽ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയിൽ കുറവ് ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചത്.
ഗ്രാമപ്രദേശങ്ങളിലാണ് നിയന്ത്രണം ഉണ്ടാവുക. നഗരപ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങില്ല. വൈകിട്ട് 6.30 മുതൽ 11.30 വരെ കേരളത്തിൽ 4580 മെഗാവാട്ട് വൈദ്യുതി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കരി ക്ഷാമം മൂലം ഉൽപ്പാദനം കുറച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മുതൽ 500 മെഗാവാട്ട് വരെ കുറവ് ഉണ്ടാകും. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രതിസന്ധി മറികടക്കാൻ ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യത്തെ വിവിധ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉൽപ്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു.
നിലവിൽ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലേറെ പവർ കട്ടോ ലോഡ് ഷെഡിങ്ങോ ഏർപ്പെടുത്തിയിട്ടുണ്ട്. അതിനിടെ, അടിയന്തിര സാഹചര്യം പരിഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തിൽ ഉൽപ്പാദനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതി എത്തുന്നതോടെ തൽക്കാലം പ്രതിസന്ധി ഒഴിവാക്കാനാവുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്.
Most Read: അടുത്ത മണിക്കൂറിൽ കനത്ത മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ മുന്നറിയിപ്പ്








































