തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പുരോഗമിക്കവെ പലയിടത്തും നാടകീയ സംഭവങ്ങൾ. തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എട്ട് കോൺഗ്രസ് അംഗങ്ങൾ കൂട്ടമായി പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചു.
രാജിവയ്ക്കുന്നു എന്ന് കാട്ടി ഡിസിസി അധ്യക്ഷന് കത്ത് നൽകിയ ഇവർ പിന്നീട് ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര അംഗത്തെ പ്രസിഡണ്ട് സ്ഥാനത്തേക്ക് ജയിപ്പിച്ചു. തിരഞ്ഞെടുപ്പിനിടെ കോഴിക്കോട് മൂടാടിയിലും തർക്കമുണ്ടായി. യുഡിഎഫിനും എൽഡിഎഫിനും തുല്യ വോട്ടുകളുള്ള ഇവിടെ എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടർന്നായിരുന്നു തർക്കം.
എറണാകുളം ജില്ലയിലെ വെങ്ങോല പഞ്ചായത്തിൽ തിരഞ്ഞെടുപ്പ് നടന്നില്ല. ട്വിന്റി20യും സിപിഎമ്മും വിട്ടുനിന്നു. കോറം തികയാത്തതിനാൽ മാറ്റിവെച്ച തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടത്തും. അതേസമയം, എസ്ഡിപിഐ പിന്തുണയോടെ യുഡിഎഫ് അംഗങ്ങൾ പ്രസിഡണ്ടായ പഞ്ചായത്തുകളിൽ മിനിറ്റുകൾക്കുള്ളിൽ രാജി സംഭവിച്ചു.
തിരുവനന്തപുരം പാങ്ങോട്, പത്തനംതിട്ട കോട്ടാങ്ങൽ പഞ്ചായത്തുകളിലാണ് എസ്ഡിപിഐ പിന്തുണയിൽ പ്രസിഡണ്ടായ കോൺഗ്രസ് അംഗങ്ങൾ രാജിവെച്ചത്. തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലും എസ്ഡിപിഐ പിന്തുണയിൽ പ്രസിഡണ്ടായ കോൺഗ്രസ് അംഗത്തോട് രാജിവെക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.
941 പഞ്ചായത്തുകൾ, 152 ബ്ളോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Most Read| തൊഴിലുറപ്പ് പദ്ധതി പരിഷ്കരണം; കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക്





































