ഇംഫാൽ: മണിപ്പൂരിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്. ബിരേൻ സിങ്ങിന് പകരക്കാരനായി പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ബിജെപിക്ക് ഇതുവരെ സമവായത്തിൽ എത്താനായിട്ടില്ല. ഇതോടെ നിയമസഭ മരവിപ്പിച്ച് നിർത്തിയിരിക്കുന്നത് തുടരും.
ഇംഫാലിൽ ക്യാംപ് ചെയ്യുന്ന ബിജെപിയുടെ വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളുടെ ചുമതലയുള്ള സംബിത് പത്ര, ഇന്ന് ഗവർണർ അജയ് കുമാർ ഭല്ലയെ കണ്ട് രാഷ്‌ട്രീയ സ്‌ഥിതിഗതികൾ ധരിപ്പിച്ചിരുന്നു. 60അംഗ നിയമസഭയിൽ ബിജെപിക്ക് 32 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളായ നാഗാ പീപ്പിൾസ് ഫ്രണ്ടിന് അഞ്ചും ജനതാദളിന് ആറും എൽഎൽഎമാർ വീതമുണ്ട്.
ബിജെപിക്ക് പിന്തുണ നൽകിയിരുന്ന എൻപിപി, മണിപ്പൂർ കലാപത്തിൽ സർക്കാരിന്റെ നിഷ്‌ക്രിയത്വം ആരോപിച്ച് നേരത്തെ പിന്തുണ പിൻവലിച്ചിരുന്നു. ഏഴ് എംഎൽഎമാരാണ് അവർക്കുള്ളത്. മൂന്ന് സ്വതന്ത്രരും കുക്കി പീപ്പിൾസ് അലയൻസിന്റെ രണ്ട് എംഎൽഎമാരും ഇതിന് പുറമേയുണ്ട്. അവിശ്വാസം പ്രമേയം വന്നാലും അതിനെ അതിജീവിക്കാനുള്ള കരുത്ത് ബിജെപിക്കുണ്ട്.
പക്ഷേ, ബിജെപി എംഎൽഎമാരിൽ ഒരുവിഭാഗം പാർട്ടി വിപ് അംഗീകരിക്കില്ലെന്ന ഭീഷണിയുയർത്തിയാണ് ബിരേൻ സിങ്ങിനെ മാറ്റാൻ നീക്കം നടത്തിയത്. പത്ത് കുക്കി എംഎൽഎമാരിൽ ഏഴുപേർ ബിജെപിക്കാരാണ്. കലാപത്തിന്റെ ആദ്യഘട്ടം തൊട്ട് ബിരേൻ സിങ്ങിനെ പുറത്താക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നതാണ്. ബിരേൻ രാജിവെച്ചെങ്കിലും തുടർ നീക്കങ്ങളും ബിജെപി തന്ത്രപരമായാണ് കൈകാര്യം ചെയ്യുന്നത്.
അതുകൊണ്ടാണ്, ബിജെപി, കുക്കി എംഎൽഎമാരുമായുള്ള ചർച്ചകൾ ഡെൽഹിയിലേക്ക് മാറ്റിയതും. ബിരേൻ സിങ്ങിനെ പോലെ ഒരാളെ മുന്നിലേക്ക് കൊണ്ടുവരാൻ ബിജെപി നിരയിൽ മറ്റൊരാളില്ല എന്നതാണ് വസ്‌തുത. ഇതോടൊപ്പം മെയ്‌തെയ് സംഘടനകളുടെയും സായുധ സംഘടനകളുടെയും പിന്തുണയും ബിരേന് തന്നെയാണ്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ