ന്യൂഡെൽഹി: വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും. മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേഷണം ആയിരുന്നു എംടിയുടെ കൃതികളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു.
”എംടിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തുകയും ഇനിയും പ്രചോദിപ്പിക്കുകയും ചെയ്യും. മലയാളത്തിലെ ഏറ്റവും ബഹുമാനിക്കപ്പെട്ട വ്യക്തിത്വം ആയിരുന്നു എംടി. ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും അദ്ദേഹം ശബ്ദമായി. തന്റെ ചിന്തകൾ എന്നും കുടുംബത്തോടൊപ്പം”- മോദി എക്സിൽ കുറിച്ചു.
സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യതയാണ് എംടി വാസുദേവൻ നായരുടെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കഥകളെല്ലാം കേരളത്തിന്റെ സംസ്കാരവും മനുഷ്യ വികാരങ്ങളും നിറഞ്ഞുനിൽക്കുന്നവയായിരുന്നു. തലമുറകളെയാണ് അവ പ്രചോദിപ്പിച്ചത്. ഇനിയും തലമുറകളെ പ്രചോദിപ്പിക്കും. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണെന്നും രാഹുൽ ഗാന്ധി അനുസ്മരിച്ചു.
എംടിക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ എന്നിവർ നടക്കാവിലെ സിതാരയിലെത്തി. മാവൂർ റോഡിലെ സ്മൃതിപഥം എന്ന് പേരിട്ട് പുതുക്കി പണിത പൊതു ശ്മശാനത്തിൽ ഇന്ന് വൈകിട്ട് അഞ്ചുമണിക്കാണ് സംസ്കാരം. നാലുമണിവരെ വീട്ടിൽ അന്തിമോപചാരം അർപ്പിക്കാം. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കും.
Also Read| എംടി പടിയിറങ്ങി




































