കൊൽക്കത്ത: കേരളത്തിലെ ബിജെപി വിജയം ബംഗാളിൽ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ പുതിയ തലമുറ (ജെൻസി) ബിജെപിയുടെ വികസന മാതൃകയിൽ വിശ്വാസം അർപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ബംഗാളിലെയും വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെയും 3250 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉൽഘാടനം ചെയ്‌തു. രാജ്യത്തുടനീളം ബിജെപിക്ക് ലഭിക്കുന്ന സ്വീകാര്യത സൂചിപ്പിക്കാനായി മുംബൈ കോർപറേഷൻ, തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പുകളിലെ നേട്ടങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
”മഹാരാഷ്‌ട്രയിലെ നഗരസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചരിത്രവിജയം നേടി. പ്രത്യേകിച്ച്, തലസ്‌ഥാനമായ മുംബൈയിൽ. കേരളത്തിന്റെ തലസ്‌ഥാനമായ തിരുവനന്തപുരത്ത് ബിജെപിക്ക് ആദ്യത്തെ മേയറെ ലഭിച്ചു”- പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിക്ക് വിജയം അസാധ്യമെന്ന് കരുതിയിരുന്ന ഇടങ്ങളിൽ ഇപ്പോൾ വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വോട്ടർമാർക്കും യുവതലമുറയ്‌ക്കും ബിജെപിയിലേക്കുള്ള വിശ്വാസം എത്രത്തോളമുണ്ടെന്നാണ് ഇത് കണക്കാക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































