ന്യൂഡെൽഹി: ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ മോദി ഡെൽഹിയിലേക്ക് മടങ്ങും. പ്രധാനമന്ത്രിക്ക് ജി20 ഉച്ചകോടിയുടെ ഒരുക്കങ്ങൾക്ക് തിരിച്ചു എത്തേണ്ടതിനുള്ളതിനാൽ ആസിയാൻ സമ്മേളനത്തിന്റെ സമയം പുതുക്കി നിശ്ചയിക്കാൻ ഇന്തോനേഷ്യ തയ്യാറായി.
ചൈന പല രാജ്യങ്ങളുടെയും പ്രദേശം ഉൾപ്പെടുത്തി ഭൂപടം പ്രസിദ്ധീകരിച്ച വിഷയം ഉച്ചകോടിയിൽ ചർച്ച ആവനാണ് സാധ്യത. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 20ആം മത് ആസിയാൻ-ഇന്ത്യ സന്ദർശനത്തിനായി ഇന്തൊനീഷ്യയിലേക്ക് പോകുന്നതിന്റെ ഔദ്യോഗിക കുറിപ്പിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഭാരത്’ എന്ന് രേഖപ്പെടുത്തിയത് വിവാദത്തിനിടയാക്കി. സാധാരണ ഇത്തരം ഔദ്യോഗിക കുറിപ്പുകളിൽ ‘പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ എന്നാണ് രേഖപ്പെടുത്താറുള്ളത്.
നേരത്തെ, രാഷ്ട്രപതിയുടെ കത്തിലും പ്രസിഡണ്ട് ഓഫ് ഭാരത് എന്ന് വിശേഷിപ്പിച്ചിരുന്നു. ‘റിപ്പബ്ളിക് ഓഫ് ഇന്ത്യ’ എന്നത് മാറ്റി ‘റിപ്പബ്ളിക് ഓഫ് ഭാരത്’ ആക്കാൻ കേന്ദ്രസർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചന. റിപ്പബ്ളിക് ഓഫ് ഭാരത് പാസ്പോർട്ടിലുൾപ്പടെ ഉപയോഗിക്കാനുള്ള പ്രമേയം പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്നേക്കും.
ഇതിന് മുന്നോടിയായി രാഷ്ട്രപതി ഭവനിൽ ക്ഷണക്കത്തുകൾ മാറ്റിയെഴുതി. ജി20 ഉച്ചകോടിയുടെ വിരുന്നിനുൾപ്പടെ രാഷ്ട്രപതി ഭവൻ നൽകിയ ക്ഷണക്കത്തിൽ പ്രസിഡണ്ട് ഓഫ് ഭാരത് എന്നാണ് പരാമർശിച്ചിരിക്കുന്നത്. സാധാരണ ഹിന്ദിയിൽ മാത്രമാണ് ഭാരത് എന്ന ഉപയോഗിക്കാറുള്ളത്. ഇംഗ്ളീഷിനോപ്പം ഭാരത് കൂട്ടിച്ചേർക്കുന്നതോടെ ഔദ്യോഗിക രേഖകളിൽ നിന്ന് ഇന്ത്യ ഒഴിവാക്കാനാണ് സർക്കാർ ശ്രമം. എന്നാൽ, പ്രസിഡണ്ട് ഓഫ് ഇന്ത്യ എന്നതുൾപ്പടെയുള്ള പദവികൾ മാറ്റിയെഴുതുന്നത് ഉചിതമല്ലാ എന്നാണ് വിദഗ്ധരുടെ നിലപാട്.
Most Read| കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; എസി മൊയ്തീൻ 11ന് ഹാജരാകണമെന്ന് ഇഡി