മുംബൈ: വെനസ്വേല പ്രസിഡണ്ട് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടു പോയതുപോലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൊണാൾഡ് ട്രംപ് തട്ടിക്കൊണ്ടുപോകുമോ എന്ന് കോൺഗ്രസ് നേതാവ് പൃഥ്‌വിരാജ് ചവാൻ. വെനസ്വേലയിൽ യുഎസ് നടത്തിയ സൈനിക നടപടിയും, പിന്നാലെ പ്രസിഡണ്ടിനെ കസ്‌റ്റഡിയിൽ എടുത്തതും പരാമർശിച്ചായിരുന്നു ചവാന്റെ ചോദ്യം.
”വെനസ്വേലയിൽ നടന്നത് പോലെ എന്തെങ്കിലും ഇന്ത്യയിലും നടക്കുമോ? പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രംപ് തട്ടിക്കൊണ്ടുപോകുമോ?”- ചവാൻ ചോദിച്ചു. ചവാന്റെ പ്രസ്‌താവനക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം ഉയർന്നിട്ടുണ്ട്. രാജ്യത്തെ ആകെ അപമാനിക്കുന്നതാണ് പൃഥ്‌വിരാജ് ചവാന്റെ പ്രസ്‌താവന എന്നാണ് ജമ്മു കശ്‌മീരിലെ റിട്ട. ഡിജിപി ശേഷ് പോൾ വൈദ് പ്രതികരിച്ചത്.
ഇന്ത്യക്ക് മേൽ യുഎസ് കനത്ത തീരുവകൾ ചുമത്തിയതിലും മോദിയെ വിമർശിച്ചുകൊണ്ടായിരുന്നു ചവാന്റെ പ്രസ്‌താവന. ”50 ശതമാനം തീരുവ ചുമത്തുമ്പോൾ എങ്ങനെ വ്യാപാരം നടക്കും? ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയാണ് ഇതിലൂടെ തടയപ്പെടുന്നത്. നേരിട്ടുള്ള ഒരു നിരോധനം സാധ്യമല്ലാത്തത് കൊണ്ടാണ് തീരുവയെ ആയുധമാക്കി ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യയാണ് ഇത് സഹിക്കേണ്ടത്. ഇനി എന്താണ്? വെനസ്വേലയ്‌ക്ക് നേരെ ചെയ്‌തത് ട്രംപ് ഇന്ത്യയുടെ നേർക്കും ചെയ്യുമോ? നമ്മുടെ പ്രധാനമന്ത്രിയെ തട്ടിക്കൊണ്ടുപോകുമോ?”- ചവാൻ ചോദിച്ചു. പ്രസ്‌താവനയെ ബിജെപിയും രൂക്ഷമായി വിമർശിച്ചു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































