കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്നുവന്ന ആരോപണങ്ങളിൽ പഴുതടച്ച അന്വേഷണം വേണമെന്ന് നടനും അമ്മ അംഗവുമായ പൃഥ്വിരാജ്. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷണം ഉണ്ടാകണം. നിലവിലെ വിവാദങ്ങൾ സിനിമാ മേഖലയെ എങ്ങനെ ബാധിക്കണമോ അങ്ങനെ തന്നെ ബാധിക്കണം. അന്വേഷണത്തിനൊടുവിൽ കുറ്റകൃത്യങ്ങൾ തെളിയിക്കപ്പെട്ടാൽ മാത്രമേ ഇതിന് അവസാനം ഉണ്ടാകുള്ളൂവെന്നും പൃഥ്വിരാജ് പറഞ്ഞു.
ആരോപണങ്ങൾ കള്ളമെന്ന് തെളിയിക്കപ്പെട്ടാൽ മറിച്ചും ശിക്ഷാനടപടികൾ ഉണ്ടാവണം. ഇരകളുടെ പേര് മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്. ആരോപണ വിധേയരുടെ പേര് പുറത്തുവിടുന്നതിൽ നിയമതടസമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടലില്ല. ഹേമ കമ്മിറ്റിയുമായി ആദ്യം സംസാരിച്ചവരിൽ ഒരാളാണ് താൻ. കുറ്റകൃത്യങ്ങളിൽ തുടർനടപടി എന്താണെന്ന് അറിയാൻ നിങ്ങളെപ്പോലെ എനിക്കും ആകാംക്ഷയുണ്ട്. പരാതികളിൽ അന്വേഷണം നടത്തുന്നതടക്കം നിലവിലെ വിവാദങ്ങളിൽ അമ്മയ്ക്ക് വീഴ്ച സംഭവിച്ചു എന്നതിൽ സംശയമില്ല. തനിക്ക് ചുറ്റുമുള്ള വർക്ക് സ്പേസ് സുരക്ഷിതമാക്കും എന്ന് പറയുന്നതിൽ തീരുന്നതല്ല ഒരാളുടെയും ഉത്തരവാദിത്തം. താൻ ഇതിന്റെ ഭാഗമാകില്ല എന്ന് പറയുന്നിടത്ത് തീരുന്നില്ല ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു.
അമ്മ തിരുത്തണം. ശക്തമായ ഇടപെടൽ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകണം. സ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ ആരോപണം വരികയാണെങ്കിൽ അതിൽ നിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടുകയെന്നതാണ് മര്യാദ. പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇല്ലാതാകണം. പവർ അതോറിറ്റിയെ താൻ അഭിമുഖീകരിച്ചിട്ടില്ലായെന്ന് പറഞ്ഞാൽ തീരില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
നടി പാർവതിക്ക് മുൻപ് മലയാളം സിനിമയിൽ നിന്നും വിലക്ക് നേരിട്ടായാൾ താനല്ലേയെന്നും പൃഥ്വിരാജ് പറഞ്ഞു. ഡബ്ളൂസിസി അംഗങ്ങൾ ഉൾപ്പടെ അമ്മ സംഘടനയുടെ ഭാഗമാകേണ്ടതില്ലേയെന്ന ചോദ്യത്തോട് എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ഉണ്ടാവേണ്ടത്. അങ്ങനെയൊരു ഭാവി ഉണ്ടാവട്ടെയെന്ന് പ്രത്യാശിക്കുന്നു. സംഘടിതമായി ഒരാളുടെ തൊഴിലവസരം നിഷേധിക്കുന്നുണ്ടെങ്കിൽ നടപടി ഉണ്ടാകണം. അങ്ങനെയുള്ള അധികാരമോ അവകാശമോ ആർക്കുമില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
എല്ലാ സംഘടനയുടെ തലപ്പത്തും വനിതാ പ്രാതിനിധ്യം ഉണ്ടാകണം. അതിൽ അമ്മയ്ക്ക് മാറിനിൽക്കാൻ കഴിയില്ല. തിരുത്തൽ ആദ്യം നടന്നത് മലയാള സിനിമയിൽ ആണെന്നത് ചരിത്രം രേഖപ്പെടുത്തുമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.
Most Read| 2000 കിലോഗ്രാം ഭാരം, ഒറ്റയടിക്ക് 30 കോടി മുട്ട; വിഴിഞ്ഞത്ത് അപൂർവ കാഴ്ചയായി സൂര്യമൽസ്യം