കൽപ്പറ്റ: വന്യജീവി ആക്രമണം എളുപ്പത്തിൽ പരിഹാരം കാണാൻ സാധിക്കാത്ത സങ്കീർണമായ പ്രശ്‌നമാണെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്‌തു. പല നടപടികളും ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കളക്‌ട്രേറ്റിൽ ഉദ്യോഗസ്‌ഥരുടെ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ”കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദർശിച്ചു. രാധ മാത്രമല്ല, മറ്റു മൂന്നുപേർ കൂടി ഈ മാസം വന്യജീവി അക്രമണത്തിനിരയായി. പലയിടത്തും വനം വാച്ചർമാരുടെ കുറവുണ്ട്. രാധയുടെ ഭർത്താവും വാച്ചറാണ്. അവരുടെ വേതനവും ജോലി സമയവുമായും ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ട്.
വന്യജീവി ആക്രമണം കുറയ്‌ക്കുന്നതിന് കേന്ദ്രത്തിൽ നിന്നും സംസ്‌ഥാനത്ത് നിന്നും കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ട്. സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. കൂടുതൽ ഫണ്ട് അനുവദിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കും. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ടതുണ്ട്. ഒപ്പം വനവും പരിസ്‌ഥിതിയും സംരക്ഷിക്കേണ്ടതുണ്ട്”- പ്രിയങ്ക ഗാന്ധി പറഞ്ഞു.
കെസി വേണുഗോപാൽ എംപി, ടി സിദ്ദിഖ് എംഎൽഎ, ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്‌ക്കാർ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ആത്‍മഹത്യ ചെയ്‌ത ഡിസിസി ട്രഷറർ എൻഎം വിജയന്റെ കുടുംബത്തെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.
അതിനിടെ, രാധയുടെ വീട് സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തി. മാനന്തവാടി കണിയാരത്ത് എത്തിയപ്പോഴാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. കേന്ദ്ര വനനിയമത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പോലീസെത്തി പ്രവർത്തകരെ ബലമായി പിടിച്ചുമാറ്റുകയായിരുന്നു.
Most Read| ചരിത്രത്തിൽ ആദ്യമായി നാസയുടെ തലപ്പത്ത് വനിത; ആരാണ് ജാനറ്റ് പെട്രോ?