ന്യൂഡെൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. യുവത്വത്തിന്റെ സ്വപ്നങ്ങളെ ബിജെപി ആക്രമിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചു. എക്സിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം.
‘ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയതും യുവാക്കളുടെ സ്വപ്നങ്ങൾക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചു. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കർക്കശമായ പ്രതികരണം 24 ലക്ഷം വിദ്യർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയെ അവഗണിക്കുന്നതാണ്. പൊതുമധ്യത്തിൽ ലഭ്യമായ വസ്തുതകൾ വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ?’- പ്രിയങ്ക എക്സിൽ കുറിച്ചു.
മേയ് അഞ്ചിനാണ് നീറ്റ് പരീക്ഷ നടന്നത്. 4750 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷയിൽ 24 ലക്ഷം വിദ്യാർഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷാ നടത്തിപ്പിലേയും ഫലനിർണയത്തിലെയും ക്രമക്കേടുകൾ രക്ഷിതാക്കളും വിദ്യാർഥികളും ചോദ്യം ചെയ്തിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ ചോദ്യപേപ്പർ ചോർന്നതിനെതിരെ പരീക്ഷാ ദിവസം ദേശീയ ടെസ്റ്റിങ് ഏജൻസിക്കെതിരെ ആരോപണം ഉയർന്നിരുന്നു.
അതിനിടെ, 2024ലെ മെഡിക്കൽ പ്രവേശത്തിനുള്ള നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണം ഉയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവർക്ക് പുനഃപരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാകുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. പരീക്ഷയുടെ സുതാര്യത നിലനിർത്തുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
Most Read| പ്രകൃതിയുടെ വരദാനമായി ‘ലവ് ടണൽ’; മരങ്ങളാൽ ചുറ്റപ്പെട്ട തുരങ്കം യുക്രൈനിൽ






































