കേന്ദ്ര സർക്കാരിനെതിരെ തുറന്നടിച്ച് പ്രിയങ്ക ഗാന്ധി

വെറുപ്പിന്റെ രാഷ്‌ട്രീയയമാണ്‌ ഈ ഭരണകൂടം നടപ്പാക്കുന്നതെന്നും ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നതായും ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമം തുടരുന്നതായും പ്രിയങ്ക ഓർമ്മിപ്പിച്ചു.

By Senior Reporter, Malabar News
Priyanka Gandhi openly against the central government
Image source: FB/PriyankaGandhiVadra | Cropped by MN
Ajwa Travels

വയനാട്: വെറുപ്പിന്റെ രാഷ്‌ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കനാണ് ഓരോ നയങ്ങളും. അത് ജനങ്ങൾക്ക് വേണ്ടിയല്ലെന്നും പ്രിയങ്ക പറഞ്ഞു. വയനാട് ജില്ലയിലെ മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്‌ട്രീയ പ്രസംഗത്തിലെ പ്രയോഗങ്ങൾ.

വയനാട്ടിലെ ജനങ്ങൾ ധൈര്യമുള്ളവരാണ്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരാണ് വയനാട്ടുകാർ. എല്ലാവരും മതസൗഹാർദത്തോടെ ജീവിക്കുന്ന നാടാണിത്. ഇവിടെ മൂല്യങ്ങൾ ശക്തമാണ്. നിങ്ങൾ തുല്യതയിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ഉൾകൊള്ളുന്നവരാണ് കേരളീയർ. എല്ലാ മതങ്ങളിലുമുള്ള മഹാൻമാരുടെയും ആശയങ്ങളെ നിങ്ങൾ ആദരിക്കുന്നു.

എല്ലാവരും കുറ്റം പറഞ്ഞപ്പോൾ വയനാട് രാഹുലിനെ ചേർത്തുപിടിച്ചു. ഭാരത് ജോഡോ യാത്രക്ക്‌ ധൈര്യം നൽകിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടുകാരെ സ്വന്തം കുടുംബം ആയാണ് രാഹുൽ കാണുന്നതെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. വയനാട്ടിലെത്തിയപ്പോൾ ത്രേസ്യയെ കണ്ട അനുഭവവും പ്രിയങ്ക പങ്കുവെച്ചു. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം ചെയ്‌തത്‌ ഒരുപോലെയാണെന്ന് തോന്നിയെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

കർഷകരോട് അനുതാപം ഇല്ലാത്ത കേന്ദ്ര സർക്കാരാണുള്ളത്. ആദിവാസി ഭൂമിപോലും സമ്പന്നർക്ക് കൈമാറുന്നു. കായിക മേഖലക്ക് കൂടുതൽ സൗകര്യം വയനാട്ടിൽ ഒരുങ്ങണം. ജലസേചന പ്രശ്‌നങ്ങൾക്ക് പരിഹാരം വേണം. ആദിവാസികൾക്ക് ആരോഗ്യം മെച്ചപ്പെടാൻ സൗകര്യം വേണം. ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യത്തിനും സത്യത്തിനും തുല്യതക്കും വേണ്ടിയാണ് പോരാട്ടം. എപ്പോഴെങ്കിലും ജനാധിപത്യത്തിന് വേണ്ടി നിൽക്കേണ്ട സമയം ഉണ്ടെങ്കിൽ അത് ഇപ്പോഴാണെന്നും പ്രിയങ്ക വിശദീകരിച്ചു.

വയനാട്ടിനു മെഡിക്കൽ കോളേജ് വേണം എന്നത് എനിക്കറിയാം. എന്റെ സഹോദരൻ ഇതിനായി കുറേ കഷ്‌ടപ്പെട്ടു. അതുപോലെ ഞാനും തുടരും. മനുഷ്യ മൃഗ സംഘർഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്‌നം പരിഹരിക്കാനും ആവശ്യങ്ങൾ ഉണ്ട്. വയനാടിന്റെ അടിസ്‌ഥാന പ്രശ്‌നങ്ങൾ എല്ലാം ഞാൻ മനസിലാക്കുന്നു. ഓരോ മനുഷ്യരോടും നേരിട്ട് സംസാരിക്കണം എന്നുണ്ട്. രാഹുൽ വയനാട് ഒഴിയുമ്പോൾ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയിൽ എനിക്കറിയാമെന്നും പ്രിയങ്ക ​ഗാന്ധി പറഞ്ഞു.

വയനാട്ടിൽ നിന്ന് എത്ര ലക്ഷത്തിനു ജയിക്കും എന്നല്ല, നിങ്ങൾ ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ജയിപ്പിച്ചാൽ ഞാൻ സാധ്യമായ അത്രയും പ്രയത്‌നിക്കും. പാർലമെന്റിൽ നിങ്ങളുടെ ശബ്‌ദമായി ഞാൻ മാറും. എന്നെ വിശ്വസിക്കാം കൈ വിടില്ലെന്നും പ്രിയങ്ക പറഞ്ഞു.

“കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ എൻ്റെ സഹോദരനോടൊപ്പം ചൂരമലയിലും മുണ്ടക്കൈയിലും യാത്ര ചെയ്‌തു. ഉരുൾപൊട്ടൽ ഉണ്ടാക്കിയ നാശവും നിങ്ങൾക്കുണ്ടായ നഷ്‍ടത്തിൻ്റെ ആഴവും ഞാൻ കണ്ടു. സ്നേഹിച്ച എല്ലാവരെയും നഷ്‍ടപ്പെട്ട കുട്ടികളെയും, മക്കളെ ഓർത്ത് സങ്കടപ്പെടുന്ന അമ്മമാരെയും, പ്രകൃതിയുടെ രോഷത്താൽ ഒലിച്ചുപോയ കുടുംബങ്ങളെയും കാണാനായി. എന്നിട്ടും, നിങ്ങൾക്ക് സംഭവിച്ച ദുരന്തത്തിന്റെ ഭാരത്താലും അതിജീവിക്കാനുള്ള നിങ്ങളുടെ അപാരമായ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു.” വയനാട്ടിലെ ജനങ്ങൾ കാണിച്ച ധൈര്യത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് അവർ പറഞ്ഞു.

ബിജെപി ഭരിക്കുമ്പോൾ സമുദായങ്ങൾക്കിടയിൽ ഭയം പടർന്നു പിടിക്കുകയാണെന്ന് പ്രിയങ്ക പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്ത് വിവിധയിടങ്ങളിൽ അക്രമം നടക്കുന്നു. ബിജെപി രാജ്യത്ത് ഭയം ആസൂത്രിതമായി പടർത്തുന്നു. ഭരണഘടനാ മൂല്യങ്ങൾ അട്ടിമറിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കാനാണ് നയങ്ങൾ രൂപീകരിക്കുന്നത്. ബിജെപിയുടെ നയങ്ങൾ സാധാരണക്കാർക്ക് ഉള്ളതല്ല.- പ്രിയങ്ക പറഞ്ഞു.

കർഷകരോട് അവർക്ക് ഒരു അനുകമ്പയും ഇല്ല. ആദിവാസികളുടെ പാരമ്പര്യത്തോട് ബഹുമാനമില്ല. ആദിവാസികളുടെ ഭൂമി ബിജെപി വലിയ കമ്പനികൾക്ക് നൽകുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിൽ പ്രിയങ്ക യുഡിഎഫ് സ്‌ഥാനാർഥിയായശേഷമുള്ള ആദ്യയോഗമായിരുന്നു മീനങ്ങാടിയിലേത്.

UAE NEWS | സ്‌ത്രീകൾക്ക്‌ ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE