കൽപ്പറ്റ: ഉപതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്ന് മൽസരിച്ച് ചരിത്രവിജയം നേടിയ പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്‌ഞ ചെയ്യും. തുടർന്ന് വോട്ടർമാർക്ക് നന്ദി പറയുന്നതിന് 30നും ഡിസംബർ ഒന്നിനും വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും.
30ന് മലപ്പുറം ജില്ലയിലെ സ്‌ഥലങ്ങളിൽ ആയിരിക്കും പ്രിയങ്ക സന്ദർശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. ടി സിദ്ദിഖ്, ഐസി ബാലകൃഷ്‌ണൻ, എൻഡി അപ്പച്ചൻ, കെഎൽ പൗലോസ്, പികെ ബഷീർ എന്നിവരുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം ഇന്ന് പ്രിയങ്ക ഗാന്ധിയെ ഡെൽഹിയിലെത്തി കണ്ടിരുന്നു.
വയനാട് പാർലമെന്റ് മണ്ഡലം എംപിയായി പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുത്തതിന്റെ സർട്ടിഫിക്കറ്റ് കൈമാറുന്നതിനാണ് ഇവർ ഡെൽഹിയിലെത്തിയത്. ഇന്ന് രാവിലെ പ്രിയങ്കയെ താമസ സ്‌ഥലത്ത് സന്ദർശിച്ചാണ് സർട്ടിഫിക്കറ്റ് കൈമാറിയത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു.
ഉരുൾപൊട്ടൽ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയം നാളെ സത്യപ്രതിജ്‌ഞ ചെയ്‌തതിന് ശേഷം പ്രിയങ്ക പാർലമെന്റിൽ ഉന്നയിച്ചേക്കുമെന്ന് ഐസി ബാലകൃഷ്‌ണൻ എംഎൽഎ പറഞ്ഞു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ സമരം നടത്തുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. നാളെ എംപിമാർ പാർലമെന്റ് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ 4,10,931 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി വിജയിച്ചത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!