തിരുവനന്തപുരം: 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുൻ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.
സുധാകരന്റെ വെളിപ്പെടുത്തൽ അത്യന്തം ഗൗരവതരമാണെന്നും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷിക്കണമെന്നും ആലപ്പുഴ ജില്ലാ കലക്‌ടർക്ക് തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറാണ് നിർദ്ദേശം നൽകിയത്. പിന്നാലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥർ ആലപ്പുഴയിലെ സുധാകരന്റെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
1989ൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് തപാൽ വോട്ടിൽ കൃത്രിമത്വം കാണിച്ചതായി വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സ്വതന്ത്രവും നീതിയുക്‌തവും സുതാര്യവുമായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പുകൾ നടത്തുന്നത്. ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടങ്ങൾ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദ്ദേശങ്ങൾ എന്നിവയ്‌ക്ക് വിധേയമായാണ് തിരഞ്ഞെടുപ്പുകൾ നടക്കുന്നതെന്നും രത്തൻ യു ഖേൽക്കർ അറിയിച്ചു.
ആലപ്പുഴയിൽ നടന്ന എൻജിഒ യൂണിയൻ സംസ്‌ഥാന സമ്മേളന ഭാഗമായുള്ള പൊതുചടങ്ങിലാണ് താനുൾപ്പടെ ഉള്ളവർ ചേർന്ന് 36 വർഷം മുൻപ് നടത്തിയ തിരഞ്ഞെടുപ്പ് കൃത്രിമത്തെപ്പറ്റി സുധാകരൻ വെളിപ്പെടുത്തിയത്. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു.
”സിപിഎമ്മിന്റെ സർവീസ് സംഘടനയായ കെഎസ്‌ടിഎയുടെ നേതാവായിരുന്ന കെവി ദേവദാസ് ആലപ്പുഴയിൽ മൽസരിച്ചപ്പോൾ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാൻ. ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് ഞാനുൾപ്പടെയുള്ളവർ ചേർന്ന് പോസ്‌റ്റൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്. അന്ന് സിപിഎം സർവീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടിൽ 15% ദേവദാസിന് എതിരായിരുന്നു”-ജി സുധാകരൻ പറഞ്ഞു.
അന്ന് വക്കം പുരുഷോത്തമന് എതിരായിട്ടായിരുന്നു ദേവദാസ് മൽസരിച്ചത്. യൂണിയനിലെ മിക്കവർക്കും ദേവദാസിനെ അറിയില്ലായിരുന്നുവെന്നും അതുകൊണ്ടാണ് അത്തരം ഒരു പ്രവർത്തി ചെയ്യേണ്ടിവന്നതെന്നും ജി സുധാകരൻ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ 18,000 വോട്ടിന് ദേവദാസ് തോറ്റിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!