തിരുവനന്തപുരം: തൊളിക്കോട് പഞ്ചായത്ത് യോഗത്തിൽ കോൺഗ്രസ് പ്രതിഷേധം. യോഗത്തിൽ തീരുമാനിക്കാത്ത കാര്യങ്ങൾ മിനിറ്റ്‌സിൽ ചേർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അംഗം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു. വിദ്യാഭ്യാസ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ അൻസാർ തൊട്ടുമുക്കാണ് ഡയസിൽ കയറി ദേഹത്ത് പെട്രോൾ ഒഴിച്ചത്. മറ്റ് അംഗങ്ങൾ ചേർന്ന് ഇയാളെ പിന്തിരിപ്പിച്ചു.
കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫിസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. പ്രസിഡണ്ട് സംസാരിച്ച് കൊണ്ടിരിക്കെ ഡയസിൽ കയറിയ പ്രതിപക്ഷ അംഗങ്ങൾ കൊടികൾ ഉപയോഗിച്ച് ഡെസ്‌കിൽ അടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്‌തു. കഴിഞ്ഞ ഒരു വർഷമായി യോഗങ്ങളുടെ മിനിറ്റ്‌സ് നൽകുന്നില്ലെന്നും യോഗത്തിൽ എടുക്കാത്ത തീരുമാനങ്ങൾ എഴുതി ചേർക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.
ഫണ്ട് സംബന്ധിച്ച വിവരങ്ങൾ പോലും നൽകാറില്ലെന്നും വിവരാവകാശ അപേക്ഷകൾ പോലും തള്ളുന്നുവെന്നുമാണ് പരാതി. എന്നാൽ ആരോപണങ്ങളോട് സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: അഞ്ചര വയസുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ചു; അമ്മക്കെതിരെ കേസ്