ചണ്ഡീഗഡ്: ആവശ്യങ്ങൾ അംഗീകരിക്കാത്തതിലും കേന്ദ്ര-സംസ്‌ഥാന സർക്കാരുകളുടെ സമീപനത്തിൽ പ്രതിഷേധിച്ചും പഞ്ചാബിൽ കർഷകർ പ്രഖ്യാപിച്ച ബന്ദ് ശക്‌തം. സംസ്‌ഥാനത്തിന്റെ വിവിധയിടങ്ങളിൽ കർഷകർ റോഡ് ഉപരോധിക്കുകയാണ്. 150ഓളം ട്രെയിനുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിട്ടുണ്ട്.
തിങ്കാളാഴ്‌ച രാവിലെ ഏഴുമുതൽ വൈകിട്ട് നാലുവരെയാണ് ബന്ദ് പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ കർഷക വിഭാഗവും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ധരേരി ജാട്ടൻ ടോൾ പ്ളാസക്കടുത്ത് കർഷകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഇതിനെ തുടർന്ന് പാട്യാല- ചണ്ഡീഗഡ് ദേശീയപാതയിലെ ഗതാഗതം സ്‌തംഭിച്ചിട്ടുണ്ട്.
അമൃത്‌സറിൽ കർഷകർ പ്രതിഷേധത്തിന്റെ ഭാഗമായി ഒത്തുചേർന്നിട്ടുണ്ട്. സംസ്‌ഥാനത്തെ ബന്ദ് പൂർണമായിരിക്കുമെന്നും അടിയന്തിര സേവനങ്ങൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും നേരത്തെ കർഷക സംഘടനയുടെ നേതാവ് സർവൻ സിങ് വ്യക്‌തമാക്കിയിരുന്നു.
സംസ്‌ഥാനത്തെ ബസ്, തീവണ്ടി സർവീസുകൾ സ്‌തംഭിച്ച നിലയിലാണ്. ബന്ദിനെ തുടർന്ന് വന്ദേഭാരത്, ശതാബ്‌ദി ഉൾപ്പടെയുള്ള ട്രെയിനുകൾ റദ്ദാക്കിയവയിലുണ്ട്. സംസ്‌ഥാനത്ത് 200 ഇടങ്ങളിൽ ഗതാഗതം സ്‌തംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്നും ഏതാണ്ട് 600-ഓളം പോലീസുകാരെ മൊഹാലി ജില്ലയിൽ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം