‘വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക’; ക്ഷേമത്തിനും സുരക്ഷയ്‌ക്കും പിന്തുണയുമായി ഇന്ത്യ

സമാധാനവും മേഖലയുടെ സ്‌ഥിരതയും ഉറപ്പാക്കി, എല്ലാ കക്ഷികളും സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ അഭ്യർഥിച്ചു.

By Senior Reporter, Malabar News
 US- Venezuela Tensions
(Image Courtesy: Rediff)
Ajwa Travels

കാരക്കസ്: വെനസ്വേലയിലെ അപ്രതീക്ഷിതമായ യുഎസ് സൈനിക നീക്കത്തിൽ ശക്‌തമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സാഹചര്യം കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നുവെന്നും മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യ നിരീക്ഷിച്ച് വരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കി.

വെനസ്വേലൻ ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്‌ക്കും ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമാധാനവും മേഖലയുടെ സ്‌ഥിരതയും ഉറപ്പാക്കി, എല്ലാ കക്ഷികളും സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ഇന്ത്യ അഭ്യർഥിച്ചു.

കാരാക്കസിലുള്ള ഇന്ത്യൻ എംബസി ഇന്ത്യൻ പൗരൻമാരുമായി ബന്ധപ്പെടുകയും സാധ്യമായ എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ളോറെസിനെയും യുഎസ് സൈന്യം രാത്രി നടത്തിയ ഓപ്പറേഷനിലൂടെ ന്യൂയോർക്കിലേക്ക് കൊണ്ടുപോയതിന്റെ ഞെട്ടലിലാണ് രാജ്യം.

റോഡുകൾ വിജനമാണ്. കടകളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു. തുറന്ന സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിൽ വലിയ ക്യൂവാണ്. ഭക്ഷണക്ഷാമം ഉണ്ടാകുമെന്ന് പലരും ഭയപ്പെടുന്നു. വൈസ് പ്രസിഡണ്ടായ ഡെൽസി റോഡ്രിഗസിനോട് ഇടക്കാല പ്രസിഡണ്ടിന്റെ സ്‌ഥാനം ഏറ്റെടുക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

യുഎസ് ആക്രമണത്തിൽ വെനസ്വേലയിലെ സൈനിക കേന്ദ്രങ്ങളിൽ വലിയ നാശനഷ്‌ടം ഉണ്ടായതായി സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്‌ത്‌ ബിബിസി റിപ്പോർട് ചെയ്‌തു. മുഖ്യ സൈനിക താവളമായി ഫോർട്ട് ട്യൂണയിൽ നടത്തിയ ആക്രമണത്തിൽ ആറ് കെട്ടിടങ്ങൾക്ക് നാശനഷ്‌ടമുണ്ടായി. ഒരു കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നതും മൂന്ന് കെട്ടിടങ്ങൾ പൂർണമായി തകർന്നതും ചിത്രങ്ങളിൽ കാണാം.

അമേരിക്ക പിടികൂടിയ മഡുറോയെ ബ്രൂക്‌ലിനിലെ തടവറയിൽ എത്തിച്ചതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. പ്രധാന വ്യക്‌തികളെ പാർപ്പിക്കുന്ന തടവറയാണിത്. കൈവിലങ്ങ് വെച്ച മഡുറോയുമായി ഉദ്യോഗസ്‌ഥർ പോകുന്ന ദൃശ്യങ്ങൾ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു.

ശനിയാഴ്‌ച പുലർച്ചെ പ്രാദേശിക സമയം രണ്ടിന് യുഎസ് സേനയുടെ ഭീകരവിരുദ്ധ വിഭാഗമായ ഡെൽറ്റ ഫോഴ്‌സ് വെറും 30 മിനിറ്റ് നീണ്ട ആക്രമണത്തിലൂടെയാണ് മഡുറോയെയും ഭാര്യയെയും പിടിച്ചുകൊണ്ടു പോയത്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപാണ് സാമൂഹിക മാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. സുഗമമായ അധികാര കൈമാറ്റം സാധ്യമാകും വരെ വെനസ്വേലയുടെ ഭരണം യുഎസ് ഏറ്റെടുത്തതായും ട്രംപ് പ്രഖ്യാപിച്ചു.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE