തിരുവനന്തപുരം: പുനർജനി പദ്ധതിക്കായി മാത്രം മണപ്പാട്ട് ഫൗണ്ടേഷൻ പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങിയതായും വിദേശത്ത് നിന്ന് പിരിച്ചെടുത്ത പണം വന്നത് ഈ അക്കൗണ്ടിലേക്കാണെന്നും വിജിലൻസ് കണ്ടെത്തൽ.
യുകെയിൽ നിന്ന് പണം വന്നത് മിഡ്ലാൻഡ് എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒയുടെ അക്കൗണ്ടിൽ നിന്നാണെന്നും പണം കൈമാറാൻ മണപ്പാട്ട് ഫൗണ്ടേഷനുമായി ഈ സംഘടന ഒപ്പിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം ശുപാർശ ചെയ്തുകൊണ്ട് വിജിലൻസ് നൽകിയ റിപ്പോർട്ടിൽ നിന്നുള്ള പുതിയ വിവരങ്ങളാണിവ.
പുനർജനി ഫണ്ട് സ്വരൂപണത്തിനായി വിഡി സതീശൻ യുകെയിലേക്ക് പോയതുമായി ബന്ധപ്പെട്ടുള്ള ചില സംശയങ്ങളും അനുമാനങ്ങളുമാണ് വിജിലൻസ് ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. മണപ്പാട്ട് ചെയർമാൻ അമീർ അഹമ്മദും സതീശനും തമ്മിൽ അവിശുദ്ധ ബന്ധമുണ്ടെന്നും സതീശന്റെ യുകെ യാത്രയ്ക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നുമാണ് വിജിലൻസ് അനുമാനിക്കുന്നത്.
സതീശൻ യുകെയിലേക്ക് പോയത് ഒമാൻ എയർവേഴ്സിന്റെ കോപ്ളിമെന്ററി ടിക്കറ്റിലാണ്. ആ ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്തത് അമീർ അഹമ്മദാണ്. കൂടാതെ, ടിക്കറ്റിന്റെ ടാക്സ് അടച്ചിരിക്കുന്നത് മണപ്പാട്ട് ഫൗണ്ടേഷനാണ്. യുകെയിൽ സതീശന് താമസസൗകര്യം ഒരുക്കികൊടുത്തതും താനാണെന്ന് അമീർ അഹമ്മദ് മൊഴി നൽകിയതായും റിപ്പോർട്ടിൽ പറയുന്നു.
പുനർജനിക്ക് വേണ്ടി വിദേശത്ത് ക്യാമ്പയിൻ നടക്കുകയും അതിലൂടെ പിരിച്ചെടുത്ത പണം കേരളത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി മണപ്പാട്ട് ഫൗണ്ടേഷൻ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ആ അക്കൗണ്ട് വഴി 2018 മുതൽ 2022 വരെ പണമിടപാടുകൾ നടന്നതായും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. 1,27,33,000ത്തോളം രൂപയാണ് ഈ അക്കൗണ്ട് വഴി കൈമാറിയിട്ടുള്ളത്.
യുകെയിലെ മിഡ്ലാൻഡ് എയ്ഡ് ട്രസ്റ്റ് എന്ന എൻജിഒ പിരിച്ചെടുത്ത പണം മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് അയച്ചിട്ടുള്ളത്. എൻജിഒകൾ പണമിടപാട് നടത്തുമ്പോൾ എംഒയു ഒപ്പിടണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും ഈ പണക്കൈമാറ്റത്തിൽ അതുണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വിവിധ രാജ്യങ്ങളിൽ നിന്നും പുനർജനി പദ്ധതിയുടെ പേരിൽ വിഡി സതീശന് വേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന് ലഭിച്ച പരാതിയിൽ ഉള്ളത്.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































