കണ്ണൂർ: തലശ്ശേരിയിലെ സിപിഎം പ്രവർത്തകൻ പുന്നേൽ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറിയും ന്യൂമാഹി പെരുമുണ്ടേരി സ്വദേശിയുമായ പ്രജിത് എന്ന മൾട്ടി പ്രജിയാണ് അറസ്റ്റിലായത്. ഇയാൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ആളാണ്. ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷിന് പിന്നാലെയാണ് മണ്ഡലം സെക്രട്ടറി പ്രജിത് കൂടി പിടിയിലാവുന്നത്.
അതേസമയം, ഇന്ന് അറസ്റ്റിലായ ആറ് പേരെ കോടതി 14 ദിവസം റിമാൻഡ് ചെയ്തു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള രണ്ടു പേരേയും ഗൂഢാലോചന കുറ്റം ചുമത്തി നാലു പേരെയുമാണ് അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തിരുന്നത്. പൊച്ചറ ദിനേശൻ എന്ന ദിനേശൻ, പ്രജൂട്ടി എന്ന പ്രഷീജ്, സികെ അർജുൻ, കെ അഭിമന്യു, സികെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവരാണ് പിടിയിലായത്. സികെ അർജുൻ, കെ അഭിമന്യു, സികെ അശ്വന്ത്, ദീപക് സദാനന്ദൻ എന്നിവരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
പൊച്ചറ ദിനേശൻ എന്ന ദിനേശൻ, പ്രജൂട്ടി എന്ന പ്രഷീജ് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. ഇതോടെ പ്രജിത് ഉൾപ്പടെ കൊലയാളി സംഘത്തിലെ മൂന്ന് പേർ പിടിയിലായി. സിപിഐഎം പ്രവർത്തകരായ കണ്ണിപ്പൊയിൽ ബാബു, കെപി ജിജേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികൂടിയാണ് പ്രജിത്. ആർഎസ്എസ് ഒളിസങ്കേതത്തിൽ നിന്നാണ് അന്വേഷണ സംഘം പ്രജിത്തിനെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി.
Most Read: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചേക്കും; കാലാവസ്ഥാ കേന്ദ്രം






































