ന്യൂഡെൽഹി: ഒഡീഷയിലെ പുരിയിൽ രഥയാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് രണ്ട് സ്‌ത്രീകൾ ഉൾപ്പടെ മൂന്നുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. രഥയാത്ര ആരംഭിച്ച ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഗണ്ടിച്ച ക്ഷേത്രത്തിനടുത്ത് വെച്ച് മൂന്ന് രഥങ്ങൾ വിഗ്രഹങ്ങളുമായി കടന്നുപോകുമ്പോഴാണ് സംഭവം നടന്നത്.
പ്രഭാതി ദാസ്, ബസന്തി സാഹു, പ്രേമകാന്ത് മൊഹന്തി എന്നിവരാണ് മരിച്ചത്. പുലർച്ചെ 4.30ന് രഥങ്ങൾ ക്ഷേത്രത്തിൽ എത്തിയപ്പോൾ വലിയ തിരക്ക് അനുഭവപ്പെട്ടു. ജനക്കൂട്ടം വർധിച്ചപ്പോൾ ചിലർ നിലത്തേക്ക് വീണു. ഇവർക്ക് ചവിട്ടേറ്റു. മൂന്നുപേർ സംഭവ സ്‌ഥലത്ത് വെച്ചുതന്നെ മരിച്ചു. മൂവരും ഖുർദ ജില്ലയിൽ നിന്നുള്ളവരാണ്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസിന്റെ ക്രമീകരണങ്ങൾ അപര്യാപ്‌തമായിരുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി അയച്ചെന്നും പരിശോധനയിൽ മരണത്തിന്റെ കൃത്യമായ കാരണം വ്യക്‌തമാകുമെന്നും പുരി കലക്‌ടർ പറഞ്ഞു.
മതിയായ സുരക്ഷാ ക്രമീകരങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ജനക്കൂട്ടം പെട്ടെന്ന് നിയന്ത്രണാതീതമായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഗ്രഹങ്ങളുള്ള മൂന്ന് വലിയ രഥങ്ങളാണ് ഭക്‌തരുടെ വലിയ ജനക്കൂട്ടം ആചാരമനുസരിച്ചു ക്ഷേത്രത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നത്.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!








































