തിരുവനന്തപുരം: പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനത്തിൽ ആശയക്കുഴപ്പം തുടരുന്നു. തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുക്കാൻ പ്രയാസമാണെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം കോൺഗ്രസ് നേതാക്കൾ നാളെ നടക്കുന്ന കൂടിക്കാഴ്‌ചയിൽ അൻവറിനെ അറിയിക്കും.
തൃണമൂൽ കോൺഗ്രസിനെ എടുത്തുചാടി യുഡിഎഫിലേക്ക് എടുക്കുന്നത് അബദ്ധമാകുമെന്നാണ് ചില ഘടകകഷികളുടെയും നിലപാട്. തൃണമൂൽ കോൺഗ്രസ് വിട്ട് പുതിയ പാർട്ടി സംസ്‌ഥാനത്ത് രൂപീകരിക്കുന്നതാകും ഉചിതമെന്നാണ് കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. ഇക്കാര്യം നാളെ അൻവറിനെ അറിയിക്കും.
യുഡിഎഫിലെ ഭാരതീയ നാഷണൽ ജനതാദൾ നേതാവായ ജോൺ ജോൺ രണ്ടുവർഷം മുൻപ് ആർജെഡിയിൽ ചേർന്നിരുന്നു. എന്നാൽ, ശ്രേയാംസ് കുമാറിന്റെ പാർട്ടി ആർജെഡിയിൽ ലയിച്ചതോടെ ജോൺ ജോൺ പുറത്തായി. ഇതോടെ ജോൺ ജോൺ വീണ്ടും പുതിയ പാർട്ടിയായി. ദേശീയ പാർട്ടിയാകുമ്പോഴുള്ള ഇത്തരം പ്രായോഗിക പ്രശ്‌നങ്ങളടക്കം നേതാക്കൾ അൻവറിനെ ബോധ്യപ്പെടുത്തും.
മാണി സി കാപ്പൻ കേരള പാർട്ടി രുപീകരിച്ച് നിൽക്കുന്നതുപോലെ മുന്നണിയിലേക്ക് കടന്നുവരുന്നതാണ് നല്ലതെന്നും നേതാക്കൾ പറയുന്നു. മുന്നണിയിൽ ഘടകകക്ഷിയാക്കാതെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും കോൺഗ്രസിന്റെ ആലോചനയിലുണ്ട്. അങ്ങനെയെങ്കിൽ യുഡിഎഫ് യോഗത്തിലടക്കം പങ്കെടുക്കാൻ അൻവറിന് പറ്റില്ല. ഇക്കാര്യത്തിൽ അൻവർ സ്വീകരിക്കുന്ന നിലപാടാകും നിർണായകമാവുക.
സിപിഎമ്മുമായുളള സഹകരണം അവസാനിപ്പിച്ച് ഡിഎംകെ രൂപീകരിച്ച അൻവർ പിന്നീടാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അതേസമയം, അൻവർ യുഡിഎഫിൽ ചേരുന്നതിനോട് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും വലിയ താൽപര്യമില്ലെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിലെ ഒരുവിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി മമത ബാനർജിക്ക് കത്തയച്ചിട്ടുണ്ട്.
Most Read| തട്ടിപ്പ്; ഇന്ത്യയിലെ 2.9 ദശലക്ഷം അക്കൗണ്ടുകൾ നീക്കം ചെയ്‌ത് ഗൂഗിൾ