കോഴിക്കോട്: പിവി അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുക്കവെയാണ് അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച നിർണായക തീരുമാനം യുഡിഎഫ് കൈക്കൊണ്ടത്.
അതേസമയം, എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചുമതലപ്പെടുത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് മുന്നണി പ്രവേശനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ദേശീയതലത്തിൽ കോൺഗ്രസിന് എപ്പോഴും തലവേദന സൃഷ്‌ടിക്കുന്ന തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാൻ നേതാക്കൾക്കിടയിലെ താൽപ്പര്യക്കുറവായിരുന്നു തീരുമാനം വൈകാൻ കാരണം.
മുന്നണിയിൽ ഘടകകക്ഷിയാകാതെ ആർഎംപിയെ പോലെ അൻവറിനെ പുറത്തുനിർത്തി സഹകരിപ്പിക്കുന്ന കാര്യവും യുഡിഎഫിന്റെ ആലോചനയിലുണ്ട്. സിപിഎമ്മുമായുളള സഹകരണം അവസാനിപ്പിച്ച് ഡിഎംകെ രൂപീകരിച്ച അൻവർ പിന്നീടാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അതേസമയം, അൻവർ യുഡിഎഫിൽ ചേരുന്നതിനോട് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനും വലിയ താൽപര്യമില്ലെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിലെ ഒരുവിഭാഗം ഇക്കാര്യം ചൂണ്ടിക്കാട്ടി മമത ബാനർജിക്ക് കത്തയച്ചിട്ടുണ്ട്.
Most Read| ഇന്ത്യാവിരുദ്ധ ഉള്ളടക്കം; പാക്കിസ്‌ഥാൻ യൂട്യൂബ് ചാനലുകൾക്ക് വിലക്ക്