കൊച്ചി : കോവിഡ് സ്ഥിരീകരിച്ച ആളുകളുടെ സമ്പര്‍ക്ക പട്ടികയില്‍പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ സ്റ്റിക്കര്‍ പതിക്കാന്‍ തീരുമാനം. ഇതിനായി സിറ്റി പൊലീസ് കമ്മീഷണര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി സിറ്റിയെ കോവിഡ് വ്യാപനത്തില്‍ നിന്നും രക്ഷിക്കുക എന്ന ആശയം മുന്നോട്ട് വച്ചു കൊണ്ടാണ് ഇത്തരമൊരു തീരുമാനം.
‘ ഞങ്ങളുടെ സുരക്ഷയ്ക്കും കൊച്ചി സിറ്റിയെ കൊറോണയില്‍ നിന്ന് രക്ഷിക്കുന്നതിനും ഞങ്ങള്‍ ഹോം ക്വാറന്റൈനിലാണ്. കോവിഡ് 19ന് എതിരായ പോരാട്ടത്തില്‍ സിറ്റി പൊലീസ് കമ്മീഷണറോടൊപ്പം ഞങ്ങളും പങ്കുചേരുന്നു’ എന്നാണ് ഇംഗ്ലീഷിലും മലയാളത്തിലും സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ഹെല്പ് ലൈന്‍ നമ്പറും ക്വാറന്റൈന്‍ കാലാവധിയും സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിരിക്കും.
കമ്മീഷണറുടെ നിര്‍ദ്ദേശത്തിന്റെ ഭാഗമായി സ്റ്റിക്കര്‍ പതിക്കാന്‍ ചെന്ന പോലീസുകാരും വീട്ടുകാരും തമ്മില്‍ പല വീടുകളിലും തര്‍ക്കമുണ്ടായി. കൂടാതെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്ന ആളുകളുടെ വീടുകളില്‍ പോകുന്നത് പോലീസുകാര്‍ക്കും രോഗബാധ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.



































