ഇരിട്ടി: മഹാത്‌മാ ഗാന്ധി കോളേജിൽ എംഎസ്‌ഇ പരീക്ഷക്ക് ചോദ്യപേപ്പർ മാറി വിതരണം ചെയ്‌ത സംഭവത്തിൽ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. കഴിഞ്ഞ 22നാണ് സംഭവം. എംഎസ്‌ഇ മാത്തമാറ്റിക്‌സ് മൂന്നാം സെമസ്‌റ്റർ വിദ്യാർഥികൾ ഒന്നാം സെമസ്‌റ്റർ പരീക്ഷ എഴുതുന്നതിനിടെയാണ് സംഭവം.
ഏതാനും കുട്ടികൾക്ക് ഇതിന്റെ സ്‌കീം മാറിയുള്ള ചോദ്യപേപ്പർ മാറി പൊട്ടിച്ച് നൽകിയെന്നാണ് ആക്ഷേപം. രാവിലെ 11 മുതൽ രണ്ടുവരെയുള്ള പരീക്ഷ ചോദ്യപേപ്പർ മാറികിട്ടിയ കുട്ടികളും എഴുതി. പരീക്ഷക്ക് ശേഷം പുറത്തിറങ്ങി കുട്ടികൾ പരസ്‌പരം ചർച്ച ചെയ്‌തപ്പോഴാണ് ചോദ്യങ്ങളിലെ മാറ്റം മനസിലാക്കിയത്.
രണ്ട് പേപ്പറിലും വ്യത്യസ്‌ത മാർക്കുകളുമാണ് നൽകിയിരുന്നത്. തുടർന്ന് കോളേജ് മേധാവികളെ വിവരമറിയിക്കുകയും ഉടൻ തന്നെ മാറിയ ചോദ്യപേപ്പർ തിരികെ വാങ്ങി ഈ കുട്ടികളെ വീണ്ടും യഥാർഥ ചോദ്യപേപ്പർ നൽകി പരീക്ഷ എഴുതിപ്പിക്കുകയും ചെയ്‌തു. കോളേജ് പ്രിൻസിപ്പൽ ഉൾപ്പടെയുള്ളവർ ഈ വിവരം രഹസ്യമാക്കി വെച്ചിരുന്നുവെന്നും സർവകലാശാലയെ തക്കസമയത്ത് വിവരമറിയിച്ചില്ലെന്നും ആരോപണം ഉയർന്നിരുന്നു, ഇതാണ് പോലീസ് അന്വേഷിക്കുന്നത്.
അതേസമയം, ചോദ്യപേപ്പർ മാറിപൊട്ടിച്ചു എന്നത് ശരിയാണെന്നും പുറത്ത് പോകാത്തതിനാലും വിദ്യാർഥികൾക്ക് കോവിഡ് സമയത്ത് വീണ്ടും പരീക്ഷ നടത്തുന്നതിന് ബുദ്ധിമുട്ട് ഉള്ളതിനാലുമാണ് പരീക്ഷ എഴുതിപ്പിച്ച് പ്രശ്‌നം പരിഹരിച്ചതെന്നാണ് കോളേജ് പ്രിൻസിപ്പൽ നൽകുന്ന വിശദീകരണം.
Also Read: ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം തന്നെ; ആവർത്തിച്ച് സിബിഐ



































