മലപ്പുറം: പേവിഷബാധയേറ്റ് ചികിൽസയിലായിരുന്ന ആറുവയസുകാരി മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി കെസി സൽമാനുൽ ഫാരിസിന്റെ മകൾ സിയ ഫാരിസാണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് മരണം.
തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് പ്രതിരോധ വാക്‌സിൻ എടുത്തിട്ടും പേവിഷബാധ ഏൽക്കുകയായിരുന്നു. മാർച്ച് 29നാണ് സിയ അടക്കം ആറുപേർക്ക് തെരുവുനായയുടെ കടിയേറ്റത്. രണ്ടുമണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തി പ്രതിരോധ കുത്തിവെപ്പെടുത്തിരുന്നു.
എല്ലാ ഡോസും പൂർത്തിയാക്കിയെങ്കിലും ഒരാഴ്‌ച മുൻപ് പനി വന്നതിനെ തുടർന്ന് ചികിൽസ തേടിയ സിയയ്‌ക്ക് നാലുദിവസം മുമ്പാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്. 29ന് വൈകീട് 3.30ന് വീടിനടുത്തുള്ള കടയിൽ നിന്ന് മിഠായി വാങ്ങി മടങ്ങുമ്പോഴാണ് റോഡരികിൽ വെച്ച് സിയയെ നായ കടിച്ചത്. തലയിലും കാലിലുമാണ് കടിയേറ്റത്. കുട്ടിയുടെ കരച്ചിൽ കേട്ട് രക്ഷിക്കാനെത്തിയ അയൽവാസി ഹഫീസിനും കടിയേറ്റു.
അവിടെ നിന്ന് ഓടിയ നായ പറമ്പിൽപ്പീടികയിൽ രണ്ടുപേരെയും വട്ടപ്പറമ്പ്, വടക്കയിൽമാട് എന്നിവിടങ്ങളിൽ ഓരോരുത്തരെയും കടിച്ചു. എല്ലാവരും മെഡിക്കൽ കോളേജിലെത്തി രണ്ടുമണിക്കൂറിനകം കുത്തിവെപ്പെടുത്തു. അന്ന് വൈകീട്ട് ആറുമണിയോടെ നായയെ ചത്ത നിലയിൽ കണ്ടെത്തുകയും ചെയ്‌തു.
ചികിൽസയ്‌ക്ക് ശേഷം സിയ അന്ന് രാത്രി തന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും 24 മണിക്കൂർ വിശ്രമം നിർദ്ദേശിച്ചിരുന്നു. പിന്നീട് വീണ്ടും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കുട്ടിയെ രണ്ടുദിവസത്തിന് ശേഷമാണ് ഡിസ്‌ചാർജ് ചെയ്‌തത്. മുറിവൊക്കെ ഉണങ്ങി സാധാരണ നിലയിലെത്തിയെന്ന് കരുതിയിരിക്കവേയാണ് ഒരാഴ്‌ച മുൻപ് പനി വന്നത്. തുടർന്ന് രണ്ടുദിവസം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വീട്ടിലെത്തിയ ശേഷം വീണ്ടും പനി കൂടിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. ഇവിടെ നിന്ന് രക്‌ത സാമ്പിൾ തിരുവനന്തപുരത്തേക്ക് പരിശോധനയ്‌ക്ക് അയച്ചപ്പോഴാണ് പേവിഷബാധ സ്‌ഥിരീകരിച്ചത്. അതേസമയം, തലയ്‌ക്ക് കടിയേറ്റതാണ് വാക്‌സിൻ ഫലിക്കാതിരിക്കാൻ കാരണമെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. കടിയേറ്റ മറ്റ് അഞ്ചുപേർക്കും അസ്വസ്‌ഥതകൾ ഒന്നുമില്ല.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!