തിരുവനന്തപുരം: ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ആഹാരം കഴിക്കാമെന്ന് ജയിൽ അധികൃതരെ അറിയിച്ചു. കോടതി ജാമ്യം നിഷേധിച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിൻമാറിയത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ഏഴ് ദിവസമായി രാഹുൽ ജയിലിലാണ്.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും അവരെ തിരിച്ചറിയാൻ കഴിയുംവിധം ചിത്രങ്ങളും വിവരങ്ങളും പുറത്തുവിടുകയും ചെയ്തെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായി റിമാൻഡിലായത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിന്റെ എഫ്ഐആർ വീഡിയോയിൽ വായിക്കുക മാത്രമാണ് ചെയ്തതെന്ന് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
അതിജീവിതയെ മോശപ്പെടുത്തുന്ന കാര്യങ്ങൾ പറഞ്ഞിട്ടില്ല. അപമാനിക്കണമെന്ന ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. അത്തരം വീഡിയോ ഉണ്ടെങ്കിൽ പിൻവലിക്കാൻ രാഹുൽ തയ്യാറാണെന്നും അഭിഭാഷകൻ അറിയിച്ചു. എന്നാൽ, സ്ത്രീകൾക്കെതിരായ കേസുകളുടെ എഫ്ഐആർ എങ്ങനെ പരസ്യരേഖ ആകുമെന്ന് കോടതി ചോദിച്ചു. ജാമ്യഹരജിയെ പ്രോസിക്യൂഷൻ എതിർത്തു.
പരാതിക്കാരിയായ യുവതിയെ അധിക്ഷേപിച്ചിട്ടില്ലെന്ന രാഹുൽ ഈശ്വറിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. ജാമ്യത്തിൽ വിട്ടാൽ കുറ്റം ആവർത്തിക്കും. പ്രോസിക്യൂഷൻ വാദത്തിൽ കഴമ്പുണ്ട്. കസ്റ്റഡിയിൽ കഴിയുമ്പോഴും രാഹുൽ സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ടിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
രാഹുലിന്റെ നിരാഹാര സമരത്തെ കോടതി വിമർശിച്ചു. നേരത്തെ ജാമ്യാപേക്ഷ തള്ളിയ ജില്ലാ സെഷൻസ് കോടതി രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തിരുന്നു. തടുർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ ഇന്നലെ ഉച്ചയ്ക്ക് ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!








































