കൊച്ചി: സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന ഹണി റോസിന്റെ പരാതിയുടെ അടിസ്‌ഥാനത്തിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ രാഹുൽ ഈശ്വറിന് ഹൈക്കോടതിയിൽ തിരിച്ചടി. അറസ്‌റ്റ് തടയാതിരുന്ന ഹൈക്കോടതി വിഷയത്തിൽ പോലീസിന്റെ നിലപാട് തേടി. മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 27ന് പരിഗണിക്കും.
ഹണി റോസിന്റെ പരാതിയിൽ കേസെടുക്കുന്നതിൽ പോലീസ് നിയമോപദേശം തേടിയ വേളയിലാണ് ഹൈക്കോടതിയിൽ രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. രാഹുലിനെതിരെ എറണാകുളം സെൻട്രൽ സ്‌റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ രാഹുൽ ഈശ്വറിന്റെ പരാമർശങ്ങളോട് പ്രതികരിച്ച നടി ഉടൻ തന്നെ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
ബോബി ചെമ്മണ്ണൂരിനെതിരായ കേസിൽ വീണ്ടും മൊഴിയെടുക്കാൻ സ്‌റ്റേഷനിലേക്ക് വിളിച്ചപ്പോൾ ആയിരുന്നു രാഹുൽ ഈശ്വറിനെതിരെ കൂടി പരാതി നൽകിയത്. ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിന് പ്രധാന കാരണക്കാരൻ രാഹുൽ ഈശ്വർ ആണെന്നും ഹണി റോസ് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.
തന്റെ പരാതിയുടെ ഗൗരവം ചോർത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കെതിരെ തിരിക്കാനുമായി രാഹുൽ ഈശ്വർ സൈബർ ഇടത്തിൽ ഒരു ആസൂത്രണ കുറ്റകൃത്യം നടത്തുകയാണെന്നും അദ്ദേഹത്തിനെതിരെ നിയമനടപടി കൈക്കൊള്ളുന്നുവെന്നും നടി പറഞ്ഞിരുന്നു. പിന്നാലെയാണ് സ്‌റ്റേഷനിലെത്തി പരാതി നൽകിയത്.
ബോബി ചെമ്മണ്ണൂർ പ്രതിയായ കേസിൽ തന്നെയും അറസ്‌റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു രാഹുൽ ഈശ്വർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, പോലീസിന്റെ നിലപാട് അറിയട്ടെ എന്ന് വ്യക്‌തമാക്കി ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റുകയായിരുന്നു.
Most Read| ഓരോ ആറുമണിക്കൂറിലും ഒരു ഇന്ത്യക്കാരനെ വീതം നാടുകടത്തി യുഎസ്; ആശങ്ക







































