ഇംഫാൽ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജൂലൈ 8 ന് മണിപ്പൂരിന്റെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും. മൂന്നാം തവണയാണ് രാഹുലിന്റെ മണിപ്പൂർ സന്ദർശനം. മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ കെ മേഘചന്ദ്രയാണ് വാർത്താ സമ്മേളനത്തിൽ രാഹുലിന്റെ വരവ് വിശദീകരിച്ചത്.
രാഹുൽ ഗാന്ധി ഡൽഹിയിൽ നിന്ന് സിൽച്ചാറിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുമെന്നും അവിടെ നിന്ന് ജൂൺ 9ന് പുതിയ അക്രമം നടന്ന ജിരിബാം ജില്ലയിലേക്ക് പോകുമെന്നും അറിയിച്ചു.”രാഹുൽ ഗാന്ധി ജില്ലയിലെ ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. തുടർന്ന് അദ്ദേഹം സിൽചാർ വിമാനത്താവളത്തിലേക്ക് മടങ്ങുകയും അവിടെ നിന്ന് വിമാനത്തിൽ ഇംഫാലിലേക്ക് പോകുകയും ചെയ്യും,” മേഘചന്ദ്ര പറഞ്ഞു.
ഇംഫാലിൽ ഇറങ്ങിയ ശേഷം അദ്ദേഹം ചുരാചന്ദ്പൂർ ജില്ലയിലേക്ക് പോകും, അവിടെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുമായി ആശയവിനിമയം നടത്തും. ചുരാചന്ദ്പൂരിൽ നിന്ന്, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് റോഡ് മാർഗം ബിഷ്‌ണുപൂർ ജില്ലയിലെ മൊയ്‌റാങ്ങിലേക്ക് പോകുകയും ചില ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്യും. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങും. -മേഘചന്ദ്ര അറിയിച്ചു.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ നയങ്ങളും രാഷ്‌ട്രീയവും കാരണം മണിപ്പൂരിനെ “ആഭ്യന്തര യുദ്ധത്തിലേക്ക്” തള്ളിവിടുകയാണെന്ന് ലോക്‌സഭയിൽ സംസാരിക്കവെ രാഹുൽ ഗാന്ധി ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് പ്രഖ്യാപനം. വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി മോദി സംസ്‌ഥാനം സന്ദർശിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു.
MOST READ | 5ജിക്ക് ചിലവായ തുക തിരിച്ചുപിടിക്കാൻ നിരക്ക് വർധിപ്പിക്കും