മുംബൈ: മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പിൽ ഒത്തുകളി നടന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണം. സംസ്‌ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാൻ ബിജെപി നയിക്കുന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) 5 ഘട്ടങ്ങളുള്ള ഒരു തട്ടിപ്പ് നടത്തിയെന്ന് രാഹുൽ ഗാന്ധി ഒരു ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞു.
”2024 നവംബറിൽ നടന്ന മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിജയം ലക്ഷ്യമിട്ട് കള്ളക്കളി നടത്തിയെന്നാണ് ആരോപണം. 288 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി, ഏക്‌നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന, അജിത് പവാർ നയിക്കുന്ന നാഷണലിസ്‌റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവർ ഉൾപ്പെടുന്ന മഹായുതി സഖ്യം 235 സീറ്റ് നേടി അധികാരത്തിലെത്തിയിരുന്നു.
ബിജെപി ഒറ്റയ്‌ക്ക് 132 സീറ്റുകളിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകിയ മഹാവികാസ് അഘാഡി 50 സീറ്റുകൾ മാത്രമാണ് നേടിയത്. 5 ഘട്ടങ്ങളായി നടന്ന തട്ടിപ്പിന്റെ പൂർണ വിവരവും ലേഖനത്തിൽ രാഹുൽ ഗാന്ധി എടുത്തുപറയുന്നുണ്ട്.
ആദ്യഘട്ടം തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള പാനലിനെ പരിശോധിക്കലാണ്. രണ്ടാംഘട്ടത്തിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കും. നാലാം ഘട്ടത്തിൽ ബിജെപി വിജയിക്കേണ്ട സ്‌ഥലത്ത് കൃത്യമായി വ്യാജ വോട്ടിങ് നടത്തും. അവസാനഘട്ടം തെളിവുകൾ മറയ്‌ക്കുന്നതിന് വേണ്ടിയാണ്”- രാഹുൽ ആരോപിച്ചു.
ചെറിയ തോതിലുള്ള വഞ്ചനയെ കുറിച്ചല്ല ഞാൻ പറയുന്നത്, മറിച്ച് നമ്മുടെ ദേശീയ സ്‌ഥാപനങ്ങൾ പിടിച്ചെടുക്കുന്നതിനായി നടത്തുന്ന കൃത്രിമത്വത്തെ കുറിച്ചാണെന്നും രാഹുൽ പറഞ്ഞു. അതേസമയം, രാഹുൽ ഗാന്ധിയുടെ അവകാശ വാദങ്ങളെ അപമാനകരം എന്നാണ് ബിജെപി വിശേഷിപ്പിച്ചത്.
Most Read| താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകീട്ട് ഏഴുമണിമുതൽ കർശന നിയന്ത്രണം