ന്യൂഡെൽഹി: നാഥുറാം ഗോഡ്സെയുടെ പിൻഗാമികളിൽ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിലുള്ള മാനനഷ്‌ടക്കേസിൽ പൂണെ കോടതിയിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്.
സുരക്ഷയും കേസിലെ നടപടികളുടെ നിഷ്‌പക്ഷതയെയും സംബന്ധിച്ച് തനിക്കുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിൽ രാഹുൽ അപേക്ഷ നൽകി. വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഉയർത്തിയ ആരോപണമടക്കം സമീപകാല രാഷ്‌ട്രീയ പോരാട്ടങ്ങളുടെ പേരിലാണ് ഭീഷണി നേരിടുന്നതെന്നാണ് രാഹുലിന്റെ ആരോപണം.
അഭിഭാഷകനായ മിലിന്ദ് ദത്താത്രയ പവാർ മുഖേനയാണ് രാഹുൽ ഗാന്ധി ഹരജി സമർപ്പിച്ചത്. തനിക്കെതിരായ പരാതിക്കാരൻ സത്യകി സവർക്കർ മഹാത്‌മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്സെയുടെ നേരിട്ടുള്ള പിൻഗാമിയാണെന്ന് രാഹുൽ ഗാന്ധി അപേക്ഷയിൽ പറയുന്നു. പരാതിക്കാരന്റെ കുടുംബ പരമ്പരയ്‌ക്ക് അക്രമത്തിന്റെയും ഭരണഘടനാ വിരുദ്ധ പ്രവണതകളുടെയും രേഖപ്പെടുത്തപ്പെട്ട ചരിത്രം ഉണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടുന്നു.
മഹാത്‌മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല. മറിച്ച് ഒരു പ്രത്യേക പ്രത്യയശാസ്‌ത്രത്തിൽ വേരൂന്നിയ ഗൂഢാലോചനയുടെ ഫലമായിരുന്നു. നിരായുധനായ ഒരു വ്യക്‌തിക്കെതിരെ ബോധപൂർവമായ ആക്രമണമാണ് നടന്നതെന്നും രാഹുൽ അപേക്ഷയിൽ പറയുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും ആവർത്തിക്കാൻ ഇടയുണ്ടെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു.
Most Read| വയനാട് ഉരുൾപൊട്ടൽ; വായ്‌പ എഴുതിത്തള്ളുമോ? കേന്ദ്രത്തിന് അവസാന അവസരം