ന്യൂഡെൽഹി: രാഹുൽ ഗാന്ധി ഏത് ലോക്സഭാ മണ്ഡലത്തിൽ തുടരുമെന്ന് ഏതാനും മണിക്കൂറുകൊണ്ട് അറിയാം. ഇതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം തുടങ്ങി. റായ്ബറേലി, വയനാട് ഇതിൽ ഏത് സീറ്റ് നിലനിർത്തുമെന്നതിൽ രാത്രിയോടെ പ്രഖ്യാപനം ഉണ്ടായേക്കും. അറിയിക്കാനുള്ള അവസാന തീയതിയും ഇന്നാണ്.
വടക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ട സാഹചര്യം ഉള്ളതിനാൽ ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം രാഹുൽ നിലനിർത്തുമെന്നാണ് സൂചന. വയനാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മൽസരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഇന്ദിരാഗാന്ധിയും പിന്നീട് സോണിയാ ഗാന്ധിയും നിലനിർത്തിയ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ രാഹുൽ 3.9 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് നേടിയത്.
ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിനെയാണ് പരാജയപ്പെടുത്തിയത്. വയനാട്ടിൽ 3.64 ലക്ഷം വോട്ടിനാണ് രാഹുൽ വിജയിച്ചത്. സിപിഐയിലെ ആനിരാജ രണ്ടാം സ്ഥാനത്തും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തുമായി. രാഹുൽ വയനാട് മണ്ഡലം നിലനിർത്തണമെന്നാണ് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം.
വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാനായി കഴിഞ്ഞയാഴ്ച വയനാട്ടിലെത്തിയ രാഹുൽ, മണ്ഡലം ഒഴിയുമോ എന്ന കാര്യത്തിൽ സസ്പെൻസ് നിലനിർത്തിയിരുന്നു. വയനാട്ടിലെയും റായ്ബറേലിയിലെയും ജനങ്ങളെ സന്തോഷിപ്പിക്കുന്ന തീരുമാനം എടുക്കാനാണ് ആഗ്രഹിക്കുന്നതെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്.
വ്യക്തിപരമായി രാഹുലിന് വയനാട് വിടാൻ താൽപര്യമില്ലെന്നാണ് രാഹുലിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. റായ്ബറേലിയിൽ മൽസരിക്കാൻ തീരുമാനം എടുത്തത് പോലും അവസാന നിമിഷത്തിലാണ്. അതും സോണിയാ ഗാന്ധിയുടെയും ഇന്ത്യാ സംഖ്യത്തിലെ മറ്റു മുന്നണി നേതാക്കൻമാരുടെയും നിർബന്ധപ്രകാരമാണെന്നും ഇവർ പറയുന്നു.
റായ്ബറേലിയിൽ വൻ ഭൂരിപക്ഷത്തോടെ രാഹുൽ ജയിച്ചതും ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ ശക്തി കുറഞ്ഞതും കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് ഊർജം പകരുന്നതാണ്. ആ സാഹചര്യത്തിൽ ഹിന്ദി ഹൃദയ ഭൂമിയിൽ നിന്ന് രാഹുൽ പ്രവർത്തനം ദക്ഷിണേന്ത്യയിലേക്ക് മാറ്റുന്നത് പാർട്ടിക്കും മുന്നണിക്കും ഗുണകരമല്ല എന്നതാണ് പൊതു വിലയിരുത്തൽ. മറ്റു കക്ഷികൾ ഉൾപ്പടെ രാഹുൽ റായ്ബറേലിയിൽ തുടരണമെന്നാണ് താൽപര്യപ്പെടുന്നത്. അതിനാൽ വയനാട് ഒഴിയുക എന്നല്ലാതെ രാഹുലിന് മുന്നിൽ മറ്റു മാർഗങ്ങളില്ല.
Most Read| ബംഗാൾ ട്രെയിൻ അപകടം; മരണസംഖ്യ 15 ആയി- പത്ത് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ചു