ഡെൽഹി: മുൻ പ്രസിഡണ്ടും എംപിയുമായ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്ന് മുതിർന്ന നേതാവ് അശോക് ഗെഹ്‌ലോട്ട്. കോൺഗ്രസിന്റെ ഐക്യത്തിൽ ഗാന്ധി കുടുംബത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും പഞ്ചാബിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം ആഭ്യന്തര കലഹമാണെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മതം പറഞ്ഞാണ് ബിജെപി വോട്ട് ചോദിച്ചതെന്നും ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് ഇടയിൽത്തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കവെയാണ് ഗെഹ്‌ലോട്ടിന്റെ പ്രതികരണം.
അതേസമയം, സോണിയ ഗാന്ധിക്ക് പിന്തുണയുമായി നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ പാർട്ടി ആസ്‌ഥാനത്ത് തടിച്ചു കൂടുകയാണ്. ഇതോടെ എഐസിസി ആസ്‌ഥാനത്ത് സുരക്ഷ ശക്‌തമാക്കി.
ഇതിനിടെ മുകുൾ വാസ്‌നികിനെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്ന് ജി 23 നേതാക്കൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രവർത്തക സമിതി ചേരാനിരിക്കെയാണ് നിർദ്ദേശവുമായി നേതാക്കൾ രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ് മുകുൾ വാസ്‌നിക്.
അഞ്ച് സംസ്‌ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെയാണ് ഇന്ന് പ്രവർത്തക സമിതി യോഗം ചേരുന്നത്. ജി 23 നേതാക്കളുടെ പ്രതിഷേധം കനത്തതോടെ സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാജിസന്നദ്ധത അറിയിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ വാർത്ത അടിസ്‌ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും രംഗത്തെത്തി.
Most Read: 10 മന്ത്രിമാരെ തീരുമാനിച്ച് എഎപി, 3 പേർ വനിതകൾ; 16ന് സത്യപ്രതിജ്‌ഞ ചെയ്യുക ഭഗവന്ത് മൻ മാത്രം