തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാൽസംഗ പരാതി നൽകിയ യുവതിയുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് രാഹുൽ ഈശ്വറിനെ കൂടുതൽ ചോദ്യം ചെയ്യാനായി എആർ ക്യാമ്പിലേക്ക് കൊണ്ടുപോയി.
സൈബർ പോലീസ് ആണ് രാഹുലിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നിലവിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. രാഹുൽ ഈശ്വർ ഉൾപ്പടെ നാലുപേരുടെ യുആർഎൽ ഐഡികളാണ് പരാതിക്കാരി സമർപ്പിച്ചത്. ഇത് പരിശോധിച്ചതിന് ശേഷമാണ് പോലീസ് തുടർനടപടികളിലേക്ക് കടന്നത്. കോൺഗ്രസ് നേതാവായ സന്ദീപ് വാര്യരുടെയും രണ്ട് വനിതകളുടെയും അടക്കം യുആർഎൽ ഉൾപ്പടെ നൽകിയ പരാതിയിലാണ് പോലീസിന്റെ നീക്കം.
അതേസമയം, ലൈംഗിക പീഡനക്കേസിൽ ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്ളാറ്റിലെ പരിശോധന പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങി. ഫ്ളാറ്റിലുള്ളത് ഒരു മാസത്തെ സിസിടിവി ബാക്കപ്പാണെന്ന് പോലീസ് കണ്ടെത്തി. നാളെ അന്വേഷണ സംഘം വീണ്ടും ഫ്ളാറ്റിൽ എത്തും. കെയർടേക്കറിൽ നിന്ന് വിവരങ്ങൾ തേടും.
ഫ്ളാറ്റിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. രാഹുൽ അവസാനം ഫ്ളാറ്റിൽ എത്തിയത് ഉൾപ്പടെയുള്ള ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ഫസലിനെ ഇന്ന് ചോദ്യം ചെയ്തിരുന്നു. എന്നാൽ, രാഹുലിന്റെ ഫ്ളാറ്റിൽ നിന്ന് ഫോണുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. രാഹുലിനെ കണ്ടെത്താൻ അന്വേഷണ സംഘം തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി






































