പത്തനംതിട്ട: ബലാൽസംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മൂന്നാം ബലാൽസംഗ കേസിലാണ് ജാമ്യം. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച് പ്രോസിക്യൂഷൻ സംശയം ഉന്നയിച്ചതോടെ കഴിഞ്ഞദിവസം വിധി പറയുന്നത് മാറ്റിവെച്ചിരുന്നു.
പരാതിക്കാരിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുൽ. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയ ആദ്യ ബലാൽസംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹരജിയിൽ നിന്ന് വിശദമായ വാദം കേൾക്കുക. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട് നൽകിയിരുന്നു. രാഹുലിനെതിരെ അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് സത്യവാങ്മൂലത്തിൽ അതിജീവിത ഉന്നയിക്കുന്ന പ്രധാന വാദം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം പത്തോളം പേരെ രാഹുൽ ലൈംഗിക പീഡനത്തിന് ഇരകളാക്കിയിട്ടുണ്ടെന്നും അതിജീവിത സത്യവാങ്മൂലത്തിൽ ആരോപിച്ചിരുന്നു. എസ്ഐടി രജിസ്റ്റർ ചെയ്ത ആദ്യ കേസിലെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
Most Read| ഓസ്ട്രേലിയ മാതൃക; കുട്ടികൾ സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കാൻ ഗോവ





































