തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. മുൻകൂർ ജാമ്യം തേടി തിരുവന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയെ ആണ് രാഹുൽ സമീപിച്ചിരിക്കുന്നത്. യുവതിയുടെ ആരോപണങ്ങളെല്ലാം തള്ളിക്കൊണ്ടാണ് രാഹുലിന്റെ ജാമ്യാപേക്ഷ.
വിവാഹിതയായ യുവതിയുടെ ഗർഭത്തിന് ഉത്തരവാദി താനല്ല, അവരുടെ ഭർത്താവാണ്. ഗർഭഛിദ്രം അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തത് തുടങ്ങിയവയാണ് രാഹുൽ മുൻകൂർ ജാമ്യ ഹരജിയിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ, പോലീസിന്റെ അതിവേഗ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടെന്നും രാഹുൽ ഹരജിയിൽ ആരോപിക്കുന്നുണ്ട്.
അതേസമയം, മുൻകൂർ ജാമ്യഹരജി നൽകിയിട്ടുണ്ടെങ്കിലും രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിന് പോലീസിന് തടസമില്ല. രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, രാഹുൽ പാലക്കാട് തന്നെ തുടരുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. പാലക്കാട്ടെ രഹസ്യ കേന്ദ്രത്തിലാണ് ഉള്ളതെന്നാണ് സൂചന.
വെള്ളിയാഴ്ച കുറച്ചുസമയം മൊബൈൽ ഫോൺ ഓൺ ആയിരുന്നു. അഭിഭാഷകനുമായ ഫോണിൽ സംസാരിച്ചതായാണ് സൂചന. തുടർന്ന് മൊബൈൽ ഓഫ് ചെയ്യുകയും ചെയ്തു. പാലക്കാട് ജില്ല വിട്ടാൽ അത് മുൻകൂർ ജാമ്യത്തെ ബാധിക്കുമെന്ന് രാഹുലിന് നിയമോപദേശം ലഭിച്ചെന്നാണ് വിവരം.
കേസിൽ ഇന്ന് മുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തി തുടങ്ങും. അബോർഷൻ ഗുളിക കഴിച്ചതിന് ശേഷം ശാരീരിക പ്രശ്നങ്ങളുണ്ടായ യുവതിയെ ചികിൽസിച്ച ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ പരാതിക്കാരിയുടെ രഹസ്യ മൊഴിയും വൈദ്യപരിശോധനയും പൂർത്തിയാക്കിയിരുന്നു.
Most Read| വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; എസ്- 400 വാങ്ങുന്നത് പ്രധാന ചർച്ച






































