തിരുവനന്തപുരം: ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ച് ക്രൈം ബ്രാഞ്ച്. ആദ്യ സംഘത്തിൽ നിന്ന് രാഹുലിന് വിവരങ്ങൾ ചോരുന്നുവെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. രണ്ടാമത്തെ കേസിൽ പുതിയ അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തും.
പോലീസ് ആസ്ഥാനത്തെ എഐജി ജി. പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. അതേസമയം, രാഹുലിന്റെ അറസ്റ്റ് ലക്ഷ്യമിട്ട് രണ്ടാമത്തെ ബലാൽസംഗ കേസിലെ അന്വേഷണം പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ബെംഗളൂരുവിലുള്ള അതിജീവിതയിൽ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തിങ്കളാഴ്ചയ്ക്കുള്ളിൽ മൊഴി എടുക്കുമെന്നാണ് വിവരം.
പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണെന്നുള്ള തെളിവുകൾ ഹാജരാക്കിയാണ് ആദ്യ പീഡനക്കേസ് രാഹുൽ പ്രതിരോധിക്കുന്നത്. എന്നാൽ, രണ്ടാമത്തെ കേസിൽ പരാതിക്കാരിയുടെ മൊഴി ലഭിച്ചാൽ അത്തരത്തിൽ ജാമ്യത്തിനുള്ള സാധ്യതയില്ലാതെ അറസ്റ്റ് സാധ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആദ്യ കേസിൽ കഴിഞ്ഞദിവസം ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ ജാമ്യഹരജി സമർപ്പിച്ചിട്ടുണ്ട്.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി








































