ന്യൂഡെൽഹി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് സംവിധാനത്തിൽ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ തീരുമാനിച്ചതായി റെയിൽവേ അറിയിച്ചു. വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് മാറ്റം.
നിലവിൽ ട്രെയിൻ പുറപ്പെടുന്നതിന് നാലുമണിക്കൂർ മുമ്പാണ് റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നത്. ടിക്കറ്റ് ബുക്കിങ് സംവിധാനത്തിലെ പരിഷ്കാരങ്ങളുടെ പുരോഗതി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിൽ അവലോകനം ചെയ്തതിന് ശേഷമാണ് പുതിയ തീരുമാനം.
പുതിയ തീരുമാനപ്രകാരം, ഉച്ചയ്ക്ക് രണ്ടുമണിക്ക് മുൻപ് പുറപ്പെടുന്ന ട്രെയിനുകൾക്ക്, റിസർവേഷൻ ചാർട്ട് തലേന്ന് രാത്രി ഒമ്പത് മണിക്ക് തയ്യാറാക്കും. വിദൂര പ്രദേശങ്ങളിൽ നിന്നോ വലിയ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ നിന്നോ വരുന്ന യാത്രക്കാർക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. ആവശ്യമെങ്കിൽ ബദൽ യാത്രാ ക്രമീകരണങ്ങൾ നടത്താൻ ഇതുവഴി സാധിക്കുമെന്നും അധികൃതർ പറയുന്നു.
പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) നവീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളും റെയിൽവേ ആരംഭിച്ചു. ഇത് 2025 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് വിലയിരുത്തൽ. മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മിനിറ്റിൽ 40 ലക്ഷത്തിലധികം ടിക്കറ്റ് അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും പുതിയ സംവിധാനത്തിന് കഴിയും.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!