തിരുവനന്തപുരം: സംസ്‌ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം, എറണാകുളം ജില്ലകളിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കാണ് ജില്ലാ കളക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർഗോഡ് ജില്ലയിൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു.
മാഹിയിലും ഇന്ന് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധിയാണ്. സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴമുന്നറിയിപ്പാണ് ഉള്ളത്. മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്.
കോട്ടയം ഉൾപ്പടെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ പെയ്യുന്നുണ്ട്. വടക്കൻ കേരളത്തിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്, മൽസ്യബന്ധത്തിന് വിലക്ക് തുടരുകയാണ്. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെയായി ന്യൂനമർദ്ദപാത്തി സ്‌ഥിതി ചെയ്യുന്നുണ്ട്.
പശ്‌ചിമ ബംഗാളിനും ജാർഖണ്ഡിനും ഒഡിഷക്കും മുകളിലായി ചക്രവാതച്ചുഴിയും ഉണ്ട്. കേരളാ തീരത്ത് പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്‌തി പ്രാപിക്കുകയാണ്. ഇതിന്റെ സ്വാധീന ഫലമായാണ് മഴ തുടരുന്നത്. ചൊവ്വാഴ്‌ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും കോഴിക്കോട്, കാസർഗോഡ്, ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| ആമയിഴഞ്ചാൻ അപകടം; ഉത്തരവാദിത്തം ആർക്ക്? പരസ്‌പരം പഴിചാരി കോർപറേഷനും റെയിൽവേയും







































