തിരുവനന്തപുരം: കേരളത്തിലെ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അധികാരമേറ്റു. കേരളത്തിലെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിലെ ബിജെപിക്ക് വൻ വളർച്ച ഉണ്ടാക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് സംസ്‌ഥാന പ്രസിഡണ്ട് സ്‌ഥാനം ഒഴിഞ്ഞ കെ സുരേന്ദ്രൻ പറഞ്ഞു. സ്‌ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവർക്കും പാർട്ടി ഭരണച്ചുമതലകളിൽ വലിയ രീതിയിലുള്ള പ്രാതിനിധ്യം നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”കൈ നനയാതെ മീൻ പിടിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. അതിനാൽ തന്നെ ബിജെപിയുടെ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഗുണം കോൺഗ്രസ് സ്വന്തമാക്കിയിരുന്നു. എന്നാൽ, ആ നിലപാടിൽ മാറ്റം കൊണ്ടുവന്നതോടെയാണ് പാർട്ടിയുടെ വളർച്ചയ്‌ക്ക് കരുത്തായത്. ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തുന്ന കാലത്ത് പാർട്ടിയെ നയിക്കാനുള്ള അവസരമാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചിരിക്കുന്നത്”- സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, സംസ്‌ഥാന പ്രസിഡണ്ടായി സ്‌ഥാനമേൽക്കും മുൻപ് ശ്രീനാരായണ ഗുരുവിന്റെ പ്രശസ്‌ത വാചകം രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ”വിദ്യകൊണ്ട് പ്രബുദ്ധരാവുക, സംഘടനകൊണ്ട് ശക്‌തരാവുക, പ്രയത്‌നം കൊണ്ട് സമ്പന്നമാവുക” എന്ന വാചകമാണ് പങ്കുവെച്ചത്.
രണ്ടുപതിറ്റാണ്ടിന്റെ രാഷ്‌ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്‌ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.
2006 മുതൽ 2018 വരെയുള്ള കാലയളവിൽ തുടർച്ചയായി രണ്ടുതവണ കർണാടകയിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2007ൽ പ്രതിപക്ഷ എംപിയായിരിക്കെ, 2ജി സ്‌പെക്‌ട്രം അഴിമതിയെക്കുറിച്ച് പാർലമെന്റിൽ ആദ്യം ശബ്‌ദം ഉയർത്തിയത് രാജീവ് ചന്ദ്രശേഖറാണ്. 2016ൽ എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാജീവിനെ നിയമിച്ചു.
2018ൽ തുടർച്ചയായി മൂന്നാം തവണയും കർണാടകയിൽ നിന്നുതന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021 രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ ഐടി, നൈപുണ്യ വികസന വകുപ്പ് മന്ത്രിയായി. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മൽസരിച്ചു. ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും കടുത്ത പോരാട്ടം കാഴ്‌ചവെയ്‌ക്കാൻ രാജീവിനായി.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ