തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് തീരുമാനം. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മൽസരിക്കും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ് കെ മാണി രാജിവെച്ചതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളാ കോൺഗ്രസ് ഒഴിഞ്ഞ സീറ്റായതിനാൽ അവർക്ക് തന്നെ നൽകാൻ എൽഡിഎഫിൽ ധാരണയാവുകയായിരുന്നു. വിഷയം മുന്നണി യോഗത്തിലും കാര്യമായ ചർച്ചയായില്ല.
നാളെ കോട്ടയത്ത് ചേരുന്ന കേരള കോൺഗ്രസ് യോഗത്തിൽ അന്തിമ തീരുമാനമാകും. നേരത്തെ യുഡിഎഫിലേക്ക് മടങ്ങിയപ്പോൾ കോൺഗ്രസ് നൽകിയ സീറ്റിലാണ് ജോസ് കെ മാണി രാജ്യസഭയിലേക്ക് വിജയിച്ചത്.
മുന്നണി മാറിയതിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ മൽസരിക്കാനായിരുന്നു ജോസ് കെ മാണി സ്ഥാനം ഒഴിഞ്ഞത്. എന്നാൽ, പാലായിൽ മാണി സി കാപ്പനോട് ജോസ് തോൽവി ഏറ്റുവാങ്ങി. ഇതോടെയാണ് ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച് ഒരിക്കൽ രാജിവെച്ചൊഴിഞ്ഞ പദവിയിലേക്ക് മടങ്ങാൻ ജോസ് കെ മാണി വീണ്ടും തയ്യാറെടുക്കുന്നത്. ഒഴിവ് വരുന്ന സീറ്റുകൾ അതാത് കക്ഷികൾക്ക് നൽകുന്ന രീതിയാണ് ഇടതുമുന്നണിയിൽ ഉള്ളത്.
അതേസമയം, രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മൽസരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിട്ടുണ്ട്. ഏകപക്ഷീയമായ മൽസരം അനുവദിക്കാനാകില്ലെന്നാണ് കോൺഗ്രസിന്റെ നിലപാട്. ചെറിയാൻ ഫിലിപ്പ് സ്ഥാനാർഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
Also Read: മുല്ലപ്പെരിയാർ മരംമുറിക്കൽ ഉത്തരവ്; അതൃപ്തി അറിയിച്ച് വനം മന്ത്രി






































